photo

പേരൂർക്കട: ആന്ധ്ര സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പ്രഭാത സവാരിക്കാരായ രണ്ട് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്ന കുട്ടിക്കും ഡ്രൈവറുമടക്കം മൂന്നുപേർക്ക് നിസാര പരിക്കേറ്റു.

പേരൂർക്കട വഴയില മീനു ബേക്കറി ഉടമ വഴയില ഹരിദീപത്തിൽ ഹരിദാസ് (69), വഴയില രാധാകൃഷ്ണ ലെയിൻ ഹൗസ് നമ്പർ 60 ശ്രീപദ്മത്തിൽ വിജയൻപിള്ള (69) എന്നിവരാണ് മരിച്ചത്. പേരൂർക്കട ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. കൈവരിയില്ലാത്ത ഫുട്പാത്തിലൂടെ വഴയില ഭാഗത്തേക്ക് നടക്കുകയായിരുന്ന ഇരുവരേയും അതേഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

വിജയൻപിള്ളയും ഹരിദാസും ഫുട്പാത്തിനോട് ചേർന്ന കാടുപിടിച്ച താഴ്ചയിലേക്ക് തെറിച്ചുവീണു. അല്പം മുന്നിലുള്ള മരത്തിലിടിച്ചാണ് കാർ നിന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഒരു കുട്ടിയടക്കം അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

ഓടിയെത്തിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ പേരൂർക്കട ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചു. നേരം പുലർന്ന് ആറരയോടെയാണ് താഴ്ചയിൽ ഒരാൾ കമിഴ്ന്ന് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അവിടെയിറങ്ങി പരിശോധിച്ചപ്പോഴാണ് കുറ്റിക്കാട്ടിൽ മറ്റൊരാളെയും കണ്ടത്. ഇരുവരെയും ഉടൻ പേരൂർക്കട ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ശബരിമലയിൽ നിന്ന് മടങ്ങിയ തീർത്ഥാടകസംഘം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം പേരൂർക്കട-വഴയില റൂട്ടിലൂടെ കുറ്റാലത്തേക്ക് പോകുകയായിരുന്നു. വിജയൻപിള്ളയും ഹരിദാസും നേരത്തെ പ്രവാസികളായിരുന്നു. ദിവസവും ഇതുവഴിയാണ് ഇരുവരും രാവിലെ നടക്കാറുള്ളത്. പോസ്റ്റുമോർട്ടത്തിനുശേഷം ഹരിദാസിന്റെ മൃതദേഹം വീട്ടുവളപ്പിലും വിജയൻപിള്ളയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലും സംസ്‌കരിച്ചു.

റിട്ട.അദ്ധ്യാപിക പത്മകുമാരിയാണ് വിജയൻ പിള്ളയുടെ ഭാര്യ. മകൾ: രശ്മി. ഹരിദാസിന്റെ ഭാര്യ: മിനി. എൻജിനിയറിംഗ് വിദ്യാർത്ഥിയായ മീനു ദാസ്, സ്‌കൂൾ വിദ്യാർത്ഥി മീര ദാസ് എന്നിവരാണ് മക്കൾ. കാർ ഡ്രൈവർക്കെതിരെ പേരൂർക്കട പൊലീസ് കേസെടുത്തു.