kalavaraela-orukkam

ആറ്റിങ്ങൽ: നാലുനാൾ നീളുന്ന ജില്ലാ സ്കൂൾ കലാമേളയ്ക്ക് ഇന്ന് ആറ്റിങ്ങലിൽ അരങ്ങുണരും. 307 ഇനങ്ങളിൽ 12 ഉപജില്ലകളിൽ നിന്നായി 6471 പേരും അപ്പീൽവഴി 238 പേരും അടക്കം 6709 കുട്ടികൾ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ആറുവർഷത്തിന് ശേഷമാണ് ജില്ലാ കലോത്സവത്തിന് ആറ്റിങ്ങൽ വേദിയാകുന്നത്.ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ,​ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ,​ ഡയറ്റ്,​ ടൗൺ യു.പി.എസ്,​ ഡി.ഇ.ഒ ഓഫീസ്,​ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി 14 വേദികളാണുള്ളത്. പ്രധാന വേദിയായ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ 10ന് സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എട്ടിന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി അദ്ധ്യക്ഷയാകും. കലോത്സവത്തിന്റെ മത്സരഫലങ്ങൾക്കായി ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനവേദിയിലാണ് രജിസ്ട്രേഷൻ.

പാർക്കിംഗിന് മാമം മൈതാനം

കലോത്സവം സുരക്ഷിതമായി നടത്താൻ എല്ലാ സജ്ജീകരണങ്ങളും പൊലീസ് ഒരുക്കുമെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ അറിയിച്ചു.മാമം മൈതാനത്താണ് പ്രധാന പാർക്കിംഗ്.പ്രധാന വേദിയുടെ സമീപത്തെ മുടിപ്പുര ലെയ്‌നിലും രാജ രവിവർമ്മ ലെയ്‌നിലും റോഡിന്റെ ഒരു വശത്ത് പാർക്കിംഗ് അനുവദിക്കും. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നവർക്ക് മൃഗാശുപത്രി ലെയ്‌നിലും തിരുവാറാട്ടുകാവ് മൈതാനത്തുമാണ് പാർക്കിംഗ്. ബി.എച്ച്.എസ്.എസ്. റോഡ്, ബി.ടി.എസ്. റോഡ്, ഗേൾസ് ഹൈസ്‌കൂളിനു സമീപത്തെ റോഡുകൾ എന്നിവിടങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. മത്സരങ്ങൾ തീരുന്നതിനനുസരിച്ച് മാമത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കുട്ടികളെ കയറ്റി മടങ്ങുന്നതിനു തടസമുണ്ടാകില്ലെന്നും പൊലീസ് അറിയിച്ചു.

ഊട്ടുപുര ഗവ.കോളേജ് മൈതാനത്ത്

ഗവ. കോളേജ് മൈതാനത്താണ് കലോത്സവത്തിന്റെ ഊട്ടുപുര. പാലുകാച്ചൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്. കുമാരി നിർവഹിച്ചു. വാട്ടർ അതോറിട്ടി കുടിവെള്ളം നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഊട്ടുപുരയിലേക്ക് വെള്ളമെത്തിക്കാൻ സംഘാടകർ നീക്കം തുടങ്ങിയിട്ടുണ്ട്.