
നെടുമങ്ങാട്: പോയകാലത്തിന്റെ മധുര സ്‌മരണകൾ പങ്കിടാൻ ആനവണ്ടിയിൽ 'അടിച്ചുപൊളി' സവാരി നടത്തി നെടുമങ്ങാട് ഗവ.കോളേജിലെ പ്രീഡിഗ്രി പൂർവ (1988 - 90 ബാച്ച്) വിദ്യാർത്ഥികൾ. വാഴയിലയിൽ പൊതിഞ്ഞെടുത്ത നാടൻ ചമ്മന്തിയും കടുമാങ്ങ അച്ചാറും പുളിയും മുളകും മുട്ട പൊരിച്ചതും മീൻ വറുത്തതും കപ്പക്കറിയും വെണ്ടക്ക വിഴുക്കും നെയ്ച്ചോറും ചിക്കനും അടങ്ങിയ പൊതിച്ചോറ് പരസ്പരം പങ്കിട്ടും മീൻമൂട്ടി വെള്ളച്ചാട്ടത്തിന്റെ വശ്യ മനോഹാരിതയിൽ കവിതയും നാടൻ പാട്ടുകളും ഏറ്റുപാടിയും സഹപാഠികൾ ആനന്ദനൃത്തം ചവിട്ടി.
കൂട്ടുകാർക്കിടയിലെ മുത്തശിയും പേരക്കിടാങ്ങളും വരെയുണ്ടായിരുന്നു.പൊൻമുടി, മീൻമൂട്ടി വെള്ളച്ചാട്ടം, കല്ലാർ, മങ്കയം കാളക്കയം എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര.പൂർവ വിദ്യാർത്ഥികളുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയായ ' ഒരിക്കൽ കൂടിയാണ് ആനവണ്ടിയിൽ ആനന്ദയാത്ര ഒരുക്കിയത്. കെ.എസ്.ആർ.ടി.സി വിതുര ഡിപ്പോയിലെ മിനി ബസിൽ ഇന്നലെ രാവിലെ 8ന് ആക്കോട്ടുപാറയിൽ കോളേജ് കാമ്പസിൽ നിന്ന് തിരിച്ച യാത്ര രാത്രി ഏഴരയോടെ ആക്കോട്ടുപാറയിൽ മടങ്ങിയെത്തി.കെ.എസ്.ആർ.ടി.സി ജീവനക്കാരായ സനോഫറും സന്തോഷുമാണ് യാത്രാവാഹനത്തിന്റെ അമരക്കാർ.