
വർക്കല: തീർത്ഥാടന വിനോദസഞ്ചാര മേഖലയായ വർക്കലയിൽ ഭിക്ഷാടകരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു. ബസ് സ്റ്റാൻഡുകളിലും തെരുവോരങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഹോട്ടലുകൾക്ക് മുന്നിലുമെല്ലാം ഇവരുടെ ശല്യമുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും.
വർക്കല മുൻസിപ്പൽ പാർക്ക് പരിസരത്തും കടത്തിണ്ണകളിലും രാത്രി കിടന്നുറങ്ങുന്നവരിൽ ചിലർ മാനസികപ്രശ്നങ്ങളുള്ളവരാണ്. ഇക്കൂട്ടർ സംരക്ഷണം അർഹിക്കുന്നുണ്ട്. ഇടറോഡുകളിലൂടെ വീടുകളിലെത്തുന്ന യാചകരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. വസ്ത്രങ്ങളും ഭക്ഷണവും നൽകിയാൽ സ്വീകരിക്കാതെ പണം ആവശ്യപ്പെടുന്നവരാണ് ഏറെയുമെന്ന് പ്രദേശവാസികൾ പറയുന്നു.പകൽ സമയത്ത് വീട്ടമ്മാർ മാത്രമുള്ള വീടുകളിൽ ഭിക്ഷയാചിച്ചെത്തുന്ന സംഘം പണം നൽകാതെ പോകാറില്ലെന്നും പരാതിയുണ്ട്
ശിവഗിരി തീർത്ഥാടന വേളയിലും ഭിക്ഷാടന നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപനമുണ്ടാകുമെങ്കിലും യാചകരുടെ എണ്ണത്തിൽ കുറവ് ഉണ്ടാകാറില്ല.
സംഘത്തിൽ - കൈക്കുഞ്ഞടക്കം വൃദ്ധർ വരെ
കവർച്ചാഭീതിയും
യാചകർ സംഘം ചേർന്നാൽ ഭവനഭേദനവും മോഷണവും കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതുമൊക്കെ തുടർക്കഥയായേക്കാം എന്ന ഭയത്തിലാണ് നാട്ടുകാർ. മുൻപ് ആറ്റിങ്ങലിൽ നിന്നും ചിറയിൻകീഴിൽ നിന്നും ഭിക്ഷാടനമാഫിയ കുട്ടികളെ തട്ടികൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു.
വളർന്ന് മാഫിയ
സീസൺ തൊഴിൽ എന്ന പോലെ സ്ഥലങ്ങൾ മാറി ഭിക്ഷയാചിക്കുന്ന സംഘങ്ങളും വർദ്ധിച്ചുവരികയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ ഭിക്ഷക്കാരെ കൊണ്ടുവന്ന് പ്രദേശങ്ങളിൽ ഇറക്കിവിടുന്നത് പതിവായിരിക്കുകയാണ്. വഴിയോര വാണിഭത്തിന്റെ പേരിൽ കുഞ്ഞുങ്ങളൊക്കെയായി കൂട്ടമായെത്തി പിന്നീട് ഭിക്ഷാടനത്തിലേക്ക് തിരിയുന്ന സംഘവുമുണ്ട്. പരിശോധനകൾ വരുമ്പോൾ ഭിക്ഷാടനം മാറി വഴിയോരക്കച്ചവടമായിരിക്കും സംഘം ചെയ്യുന്നത്.
പണം തന്നെ വേണം
ഭിക്ഷയാചിച്ചെത്തുന്ന സംഘങ്ങൾക്ക് വസ്ത്രമോ ഭക്ഷണമോ നൽകിയാൽ സ്വീകരിക്കില്ല. പകരം പണം തന്നെയാണ് ആവശ്യപ്പെടുന്നതെന്ന് വർക്കലയിലെ വ്യാപാരികൾ പറയുന്നു. ചില്ലറകൾക്ക് പകരം 10 രൂപ തന്നെ ചോദിച്ചെത്തുന്നവരുമുണ്ടെന്ന് ഇവർ പറയുന്നു.