
വക്കം: വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേനാ പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ കുമിഞ്ഞുകൂടി കിടക്കുന്നു. കടയ്ക്കാവൂർ വക്കം പഞ്ചായത്തുകളുടെ പല പ്രദേശങ്ങളിലും ചാക്കിൽ നിറച്ച പ്ലാസ്റ്റിക് കെട്ടുകൾ വലിയ കൂമ്പാരമായി മാറിക്കഴിഞ്ഞു.
ഓരോ വീടുകളിൽ നിന്നും 50 രൂപ വീതം ഈടാക്കിയാണ് ഹരിത കർമ്മസേന പ്രവർത്തകർ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് മാറ്റിയശേഷം കരാറുകാരെ അറിയിക്കുന്ന മുറയ്ക്ക് വാഹനമെത്തി കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൾ മാസങ്ങളായിട്ടും കൊണ്ടുപോകാൻ ആളെത്തിയിട്ടില്ല. ഇലക്ട്രിക് പോസ്റ്റുകളുടെ ചുവട്ടിലും, പുരയിടങ്ങളിലും, റോഡിന് ഇരുവശങ്ങളിലുമൊക്കെയായി പഞ്ചായത്തുകളിൽ ദിനംപ്രതി പ്ലാസ്റ്റിക് കൂനകൾ നിറഞ്ഞുവരികയാണ്. എത്രയും വേഗം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്ലാസ്റ്റിക്കുകൾ ശേഖരിച്ചുവച്ചിരിക്കുന്നത്
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ചന്തകൾ, ഉപയോഗശൂന്യമായ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ
കാരണം
ഹരിതകർമ്മസേന പ്രവർത്തകർ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ സൂക്ഷിക്കുന്നതിനോ തരം തിരിക്കുന്നതിനോ പഞ്ചായത്തുകൾക്ക് പ്രത്യേക സ്ഥലമില്ലാത്തതാണ് വഴിവക്കിലും പൊതുയിടങ്ങളിലും പ്ലാസ്റ്റിക് കൂമ്പാരമാകാനുള്ള പ്രധാന കാരണം.
നിലവിലെ അവസ്ഥ
വക്കം ചന്തയ്ക്കുള്ളിൽ ചാക്കിൽ കെട്ടിയ പ്ലാസ്റ്റിക് വലിയ കൂമ്പാരമായി മാറിക്കഴിഞ്ഞു. ഈ മാലിന്യങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഇതിന് പുറമേ ചന്തയിലെ ചപ്പുചവറുകൾ കത്തിക്കുന്നതിന്, സമീപത്തായി സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്കുകൾ വലിയ രീതിയിലുള്ള സുരക്ഷാഭീഷണിയും സൃഷ്ടിക്കുന്നുണ്ട്. വീടുകൾതോറും കയറിയിറങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ വഴിവക്കിൽ കെട്ടിവയ്ക്കുമ്പോൾ തെരുവുനായ്ക്കൾ കടിച്ചുകീറി പ്രദേശമാകെ കൊണ്ടിടുന്നതും പതിവാണ്.
കരാർ കമ്പനി വൈകുന്നു
ക്ലീൻ കേരള എന്ന കമ്പനിയാണ് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ കൊണ്ടുപോകുന്നതിനായി കരാറെടുത്തിട്ടുള്ളത്. ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളുടെ അളവ് കൂടുമ്പോൾ പഞ്ചായത്ത് അധികൃതർ അറിയിക്കുന്നതനുസരിച്ച് വാഹനത്തിലെത്തിയാണ് ഇവ കൊണ്ടുപോകുന്നത്. കരാറെടുത്തവരാണ് മാലിന്യം നീക്കം ചെയ്യുന്നതിൽ കാലതാമസമെടുക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.