ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുള്ളിൽ മാതൃശിശു സൗഹൃദ കേന്ദ്രം അനാഥാവസ്ഥയിലായിട്ട് വർഷങ്ങളായി. ശ്യാമപ്രസാദ് മുഖർജി നാഷണൽ അർബൻ മിഷൻ പദ്ധതി പ്രകാരം 5 ലക്ഷം രൂപ മുടക്കി 2020 സെപ്തംബറിലാണ് ഈ കേന്ദ്രം പണിതത്. 2021 ജൂലായ് 27ന് ഇതിന്റെ പണി പൂർത്തിയാക്കിയെങ്കിലും കെ.എസ്.ആർ.ടി.സിയ്ക്ക് ഈ കെട്ടിടം കൈമാറിയിട്ടില്ലെന്ന് ഡിപ്പോ അധികൃതർ പറയുന്നു.
വിവിധ സ്ഥലങ്ങളിൽ നിന്ന് കൈകുഞ്ഞുമായി ഡിപ്പോയിലെത്തുന്ന അമ്മമാർക്ക് മുലയൂട്ടുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടിയായിരുന്നു ഇത്തരത്തിൽ ഒരു കേന്ദ്രം. കെട്ടിടത്തിന്റെ മുൻവശത്ത് വെള്ളക്കെട്ട് കാരണം കെട്ടിടത്തിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്.
കൂടാതെ ചപ്പുചവറുകളും പാഴ്വസ്തുക്കളും പ്ലാസ്റ്റിക് മാലിന്യങ്ങളും കെട്ടിടത്തിന്റെ നാലുവശവും കുന്നു കൂടി.
ഡിപ്പോയ്ക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഹൈമാസ് ലൈറ്റ് കഴിഞ്ഞ അഞ്ചുമാസമായി പ്രവർത്തിക്കുന്നില്ല. ഡിപ്പോയ്ക്കുള്ളിൽ ഹൈമാസ് ലൈറ്റ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്യനാട് ഇലക്ട്രിസിറ്റി ഓഫീസിൽ കെ.എസ്.ആർ.ടി.സി ബന്ധപ്പെട്ടപ്പോൾ ഗ്രാമപഞ്ചായത്തിനെ അറിയിക്കാനാണ് മറുപടി. 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടം ആർക്കും ഉപയോഗപ്പെടാതെ നശിക്കുകയാണെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു.