
വർക്കല: ഇടവ ഗ്രാമപ്പഞ്ചായത്തിലെ കാപ്പിൽ എച്ച്.എസ് നെല്ലേറ്റിൽക്കടവ് റോഡ് തകർന്നതോടെ തീരപ്രദേശത്ത് യാത്ര ദുരിതമായി. കാപ്പിൽ റെയിൽവേ സ്റ്റേഷനും കായലിനും മദ്ധ്യേയുള്ള രണ്ടു കിലോമീറ്ററോളമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞത്. 2019ൽ നിർമാണം പൂർത്തിയാക്കിയ റോഡിന്റെ പകുതിയിലേറെ ഭാഗവും തകർന്നു. ചതുപ്പുഭാഗം കണക്കാക്കി റോഡിൽ പാകിയ തറയോടുകളിൽ ഭൂരിഭാഗവും ഇളകിയതോടെ കാൽനടയാത്രപോലും ബുദ്ധിമുട്ടായി. കാപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷനിൽ നിന്ന് നെല്ലേറ്റിൽക്കടവിലെത്തുന്ന റോഡിൽ ജൽജീവൻ പദ്ധതിക്ക് പൈപ്പിടാൻ കുഴിയെടുത്തതും റോഡ് തകർച്ചയ്ക്ക് കാരണമായി. കുഴിയെടുത്തതോടെ തറയോടുകൾ ഇളകുകയും സ്ഥാനമാറ്റമുണ്ടാകുകയും ചെയ്തു. മഴ ശക്തമായതോടെ മണ്ണൊലിപ്പിനൊപ്പം തറയോടുകളും ഇളകി റോഡിൽ കുഴികളും വെള്ളക്കെട്ടുമായി.
യാത്രയും മുടങ്ങി
പ്രദേശവാസികളുടെ ഏറെനാളത്തെ ആവശ്യത്തിനൊടുവിലാണ് പുതിയ റോഡ് നിർമ്മിച്ചത്. ഒരുഭാഗം ടാറും കോൺക്രീറ്റും ഉപയോഗിച്ചും ചതുപ്പുഭാഗം തറയോടുകൾ പാകിയുമാണ് ഗതാഗതയോഗ്യമാക്കിയത്. ഒരുവശത്ത് കായലും മറുവശത്ത് റെയിൽവേ ട്രാക്കുമായതിനാൽ കാപ്പിൽ സ്റ്റേഷന് കിഴക്കുഭാഗത്ത് വലിയ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ഇവിടെ നിന്നു കാപ്പിൽ സ്‌കൂൾവഴി ചുറ്റിസഞ്ചരിച്ചാണ് ഇടവയിലേക്കുള്ള പ്രധാന റോഡിലെത്തുന്നത്. റോഡ് തകർന്നതോടെ പ്രദേശത്തേക്ക് ഓട്ടോറിക്ഷകൾ പോലും വരാൻ മടിക്കുന്നു. സ്‌കൂൾ ബസിനും പോകാൻ കഴിയാത്ത സ്ഥിതിയാണ്.
ഈ റോഡിന്റെ അവസ്ഥകാരണം ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ കഴിയാതായി. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.