ശ്രീകാര്യം: രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും ചിന്തകനും കേരള സർവകലാശാല സാമ്പത്തികകാര്യ വിഭാഗം പ്രൊഫസറുമായിരുന്ന ഡോ.എം.കുഞ്ഞാമന്റെ ഭൗതികശരീരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. മരണാനന്തര ചടങ്ങുകൾ പാടില്ലെന്ന് അദ്ദേഹം നേരത്തെ നിഷ്കർഷിച്ചിരുന്നതിനാൽ ഒഴിവാക്കി. അമേരിക്കയിലുള്ള മകൾ അഞ്ജനയ്ക്ക് പിതാവിന്റെ സംസ്കാരച്ചടങ്ങിന് എത്താൻ സാധിച്ചില്ല.

1949 ഡിസംബർ മൂന്നിന് ജനിച്ച കുഞ്ഞാമൻ തന്റെ 75-ാം ജന്മദിനത്തിലാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അദ്ദേഹത്തെ വീട്ടിലെ ഡൈനിംഗ് ഹാളിൽ മരിച്ച നിലയിൽ സുഹൃത്തുക്കൾ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി 11 മണിയോടെ ശ്രീകാര്യം വെഞ്ചാവോട്ടെ വീട്ടിലെത്തിച്ചു.

മലപ്പുറത്ത് ചികിത്സയിലായിരുന്ന ഭാര്യ ഡോ.രോഹിണിയും എത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, രമേശ് ചെന്നിത്തല, ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു. നിരവധി സാമ്പത്തികകാര്യ വിദഗ്ദ്ധരും ഗവേഷണ വിദ്യാർത്ഥികളും തങ്ങളുടെ ഗുരുനാഥന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തി.