തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ നിറുത്തിവച്ച നവീകരണ പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ഒക്ടോബർ 15നും കഴിഞ്ഞ മാസം 22നും പെയ്തമഴയിൽ തലസ്ഥാനത്തുണ്ടായ വെള്ളക്കെട്ടിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടികാട്ടിയിരുന്നത് ആമയിഴഞ്ചാൻ അടക്കമുള്ള തോടുകളിലെ ചെളി നീക്കാതിരുന്നതാണ്.
തുടർന്നാണ് ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള ചെളി നീക്കം ചെയ്യാൻ തുടങ്ങിയത്.ഒക്ടോബർ 15ന് നഗരം മുങ്ങിയതോടെ നൂറുദിന കർമ്മപദ്ധതിയിൽ ആമയിഴഞ്ചാൻ നവീകരണവും ഉൾപ്പെടുത്തിയിരുന്നു. ഒക്ടോബർ 30ന് ആരംഭിച്ച നവീകരണം മഴയെത്തുടർന്ന് നിറുത്തി വച്ചിരിക്കുകയായിരുന്നു. ഇന്നലെയാണ് മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ നവീകരണം പുനഃരാരംഭിച്ചത്. ചെളി നീക്കം ചെയ്യുന്നതിനൊപ്പം തോടിനിരുവശത്തും സംരക്ഷണഭിത്തി കെട്ടാനും തുടങ്ങി. നെല്ലിക്കുഴിപ്പാലം,പുത്തൻ പാലം,കണ്ണമ്മൂല പാലം എന്നിവിടങ്ങളിലാണ് നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്.
കണ്ണമ്മൂലയിൽ 1.5 കിലോമീറ്റർ പ്രദേശം ഇതിനോടകം വൃത്തിയാക്കിയതായി മേജർ ഇറിഗേഷൻ എക്സിക്യുട്ടിവ് എൻജിനിയർ എസ്.ബിന്ദു അറിയിച്ചു. ഹിറ്രാച്ചി ഉപയോഗിച്ച് ചെളിയും മറ്റും നീക്കം ചെയ്യുന്നതോടെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നും തോടിന്റെ ഒഴുക്ക് സുഗമമാവുമെന്നുമാണ് അധികൃതർ പറയുന്നത്. ആലപ്പുഴയിൽ കൊണ്ടുപോയ ചെളി നീക്കാൻ ഉപയോഗിക്കുന്ന സ്ലീറ്റ് പുഷർ ഇന്നലെ തലസ്ഥാനത്തെത്തിച്ചു. തോടിന്റെ വീതി കൂടിയ ഭാഗത്ത് ഹിറ്റാച്ചിക്ക് പകരം ഈ യന്ത്രമുപയോഗിച്ചാണ് ചെളി നീക്കം ചെയ്യുന്നത്.
ചെളി ലേലം ചെയ്യും
തോട്ടിൽ നിന്ന് കോരി മാറ്റുന്ന ചെളി ലേലം ചെയ്യും.ചെളിയിൽ അടങ്ങിയിട്ടുള്ള മണ്ണിന്റെ അളവ് ഓരോ തവണയും കണക്കാക്കും.ഇതിനായി സാംപിൾ ബാർട്ടൺ ഹിൽ എൻജിനിയറിംഗ് കോളേജിന് നൽകും.ആമയിഴഞ്ചാൻ തോടിന് സമീപം കണ്ണമ്മൂലയിൽ ചെളി കോരിയിടാനായി സ്വകാര്യവ്യക്തി വസ്തു നൽകിയിട്ടുണ്ട്. കോരിയിടുന്ന ചെളി ലേലം ചെയ്ത് ഒഴിവാക്കും.ഇപ്പോൾ കിട്ടിയ ചെളിയിൽ മാലിന്യത്തിന്റെ അംശമാണ് കൂടുതലുള്ളത്.
നവീകരണത്തിനായി ഇറിഗേഷന് അനുവദിച്ച തുക
ആമയിഞ്ചാൻ തോട് - 9 കോടി
ഉള്ളൂർ തോട് - 9 കോടി
പട്ടം തോട് - 4.5 കോടി
സമയബന്ധിതമായി ചെളി നീക്കം ചെയ്ത് സംരക്ഷണ ഭിത്തി നിർമ്മാണം
പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
എസ്.ബിന്ദു,എക്സിക്യുട്ടിവ് എൻജിനിയർ,
മേജർ ഇറിഗേഷൻ വകുപ്പ്