തിരുവനന്തപുരം :നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് രാത്രിയും പകലും ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം. മദ്യലഹരിയിലും അല്ലാതെയും പൊതുസ്ഥലത്ത് വച്ച് വടിവാൾ കൊണ്ട് എതിരാളിയെ അരിഞ്ഞു വീഴ്ത്തുന്ന ഗുണ്ടാസംഘങ്ങൾ പെരുകുകയാണ്. രണ്ടാഴ്ചയ്ക്കിടെ രണ്ട് അരുംകൊലകൾക്ക് സാക്ഷിയായ നഗരത്തിൽ അക്രമങ്ങൾ തുടരുകയാണ്. പൊലീസിനെ നോക്കുകുത്തിയാക്കി ലഹരിസംഘങ്ങൾ തഴച്ചുവളരുന്നതാണ് പ്രധാനകാരണം. പലകേസുകളിലും കണ്ണികൾ മാത്രമാണ് പിടിയിലാകുന്നത്. പ്രധാനികൾ പുറത്ത് വിലസിനടക്കും.
കഴിഞ്ഞ ദിവസം രാത്രിയിൽ കല്ലടിമുഖത്ത് നടന്ന ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണ് ഒടുവിലത്തെ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഡമണ്ട് കുട്ടനാണ് ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നിൽ. മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഭവശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. എം.എസ്.കെ നഗറിലുള്ളവരാണ് ആക്രമണത്തിന് ഇരയായ മൂന്നുപേരും.എത്രയും വേഗം പ്രതികളെ പിടികൂടിയില്ലെങ്കിൽ സമാന്തരമായി ഇനിയും കൂടുതൽ അക്രമങ്ങൾ ഉണ്ടാകുമെന്ന ആശങ്കയിലാണ് ഫോർട്ട് പൊലീസ്.നഗരത്തിലെ അക്രമസംഭവങ്ങൾ ഭൂരിഭാഗവും പൊലീസിന്റെ ഫോർട്ട് സബ്ഡിവിഷൻ പരിധിയിലാണ്.
കഴിഞ്ഞമാസം ഏഴിന് പൂജപ്പുര ബാറിലുണ്ടായ വാക്കുതർക്കത്തിൽ വിമുക്തഭടനായ പൂന്തുറ സ്വദേശി പ്രദീപിനെ (54)അടിച്ചു കൊല്ലുകയായിരുന്നു. ഏഴിന് രാത്രി 11ഓടെയായിരുന്നു സംഭവം.ബാറിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ആറംഗസംഘമാണ് പ്രദീപിനെ ബാറിന് പുറത്തുവച്ച് ആക്രമിച്ചത്.
കൃത്യം രണ്ടാഴ്ചയായപ്പോൾ 21നാണ് കരിമഠം കോളനിയിൽ 19വയസുള്ള അർഷാദിനെ ലഹരി സംഘം കൊലപ്പെടുത്തിയത്.അക്രമികൾ എട്ടു പേരും കരിമഠം കോളനിയിലുള്ളവരാണെന്നും കൊലപാതകം ആസൂത്രിതമാണെന്നും കണ്ടെത്തിയിരുന്നു.
ഈ കേസിലെ പ്രതികളുടെ കൂട്ടാളികൾ ഒരാഴ്ചയ്ക്കു ശേഷം 28ന് കരിമഠത്ത് സ്ത്രീയെ കത്തികാട്ടി അതിക്രമം നടത്തിയിരുന്നു.
സെപ്തംബർ 23ന് പേട്ട കല്ലുംമൂട് പാലത്തിനു സമീപത്തെ റോഡിൽ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിവീഴ്ത്തിയിരുന്നു. ബൈക്കുകളിൽ എത്തിയ മൂന്നംഗ സംഘം ഇവരെ തടഞ്ഞു നിറുത്തി ആക്രമിക്കുകയായിരുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളായ ഡബ്ബാർ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ഏപ്രിൽ12ന് രാത്രി തമ്പാനൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയയാളെ മദ്യപിച്ചെത്തിയ ഗുണ്ടാസംഘം ആക്രമിച്ചിരുന്നു.കേസിൽ നാല് പേരാണ് പിടിയിലായത്.
പൊലീസ് കനത്ത കാവലൊരുക്കിയ ആറ്റുകാൽ പൊങ്കാല ദിവസവും അക്രമത്തിന് കുറവുണ്ടായില്ല പൊങ്കാലദിവസം കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെയാണ് ഒരു സംഘം വെട്ടി പരിക്കേൽപ്പിച്ചത്.ശ്രീകണ്‌ഠേശ്വരം ഇരുമ്പ് പാലത്തിനു സമീപമാണ് ആക്രമണമുണ്ടായത്.ഇന്നോവ കാറിലെത്തിയ സംഘമാണ് ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേൽപ്പിച്ചത്.ഫെബ്രുവരി 9ന് അട്ടക്കുളങ്ങര ജംഗ്ഷനിൽ യുവാവിനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടി പരിക്കേൽപ്പിച്ച സംഭവം നാടിനെ നടക്കിയിരുന്നു.രാത്രി ഒന്നരയ്ക്ക് അട്ടക്കുളങ്ങര ജംഗ്ഷനിൽ നിന്നു കോട്ടക്കകത്തേക്ക് പോകുന്ന ഭാഗത്തു വച്ചാണ് പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിയത്.
ഒടുവിൽ ഓംപ്രകാശും
ജനുവരി എട്ടിന് പുലർച്ചെയാണ് പാറ്റൂരിൽ കൺസ്ട്രക്ഷൻ കമ്പനിയുടമയായ നിഥിൻ അടക്കമുള്ള നാലുപേരെ ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കാർ തടഞ്ഞുനിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇതിനുശേഷം ഒളിവിലായിരുന്ന ഓംപ്രകാശിനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.