തിരുവനന്തപുരം: രാവിലെ അഞ്ചോടെ വഴയിലയിൽ നിന്ന് അമ്പലംമുക്ക് വരെ പോകുകയും തിരികെ വരും വഴി പേരൂർക്കടയിലെ 'അണ്ണാച്ചി'യുടെ കടയിൽ നിന്ന് ചായ വാങ്ങി കുടിച്ച് മടങ്ങുന്നതുമാണ് ഹരിദാസിന്റെയും വിജയൻപിള്ളയുടെയും പ്രഭാത നടത്തം. സവാരിക്കിടെ ഫുട്പാത്ത് വിട്ട് ഇരുവരും റോഡിലേക്ക് ഇറങ്ങാറേയില്ല. വാഹനത്തിരക്കുള്ള റോഡായതിനാൽ ഇരുവർക്കും അത്രത്തോളം ശ്രദ്ധയുണ്ടായിരുന്നു.

വർഷങ്ങളായി ഇതുതന്നെയാണ് ഇരുവരുടെയും പതിവ്. ഉറ്റസുഹൃത്തുക്കളുടെ ഒരുമിച്ചുള്ള വേർപാടിൽ പരിചയക്കാരുടെയെല്ലാം കണ്ണ് നിറയുകയാണ്. പൊതുകാര്യ പ്രസക്തനും സംരംഭകനുമായിരുന്നു ഹരിദാസ്. പ്രഭാത നടത്തത്തിന് ശേഷം തിരികെയെത്തിയാണ് രാവിലെ ആറോടെ ഹരിദാസ് തന്റെ ബേക്കറി തുറക്കാറുള്ളത്. ഇന്നലെ പതിവ് സമയം കഴിഞ്ഞും ഇരുവരും മടങ്ങിയെത്താതെ വന്നതോടെ വീട്ടുകാർ പരിഭ്രമിച്ചു. തുടർന്നുള്ള അന്വേഷത്തിലാണ് ഇരുവർക്കും അപകടമുണ്ടായ വിവരമറിയുന്നത്.

പ്രഭാത നടത്തത്തിന് ശേഷം ഇന്നലെ ഇരുവരും തിരികെ വരുമ്പോൾ പേരൂർക്കട ബസ് സ്‌റ്റോപ്പിന് തൊട്ടുതാഴെ എത്തിയപ്പോഴാണ് പിന്നാലെ എത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. അയ്യപ്പഭക്തന്മാർ സഞ്ചരിച്ചിരുന്ന കാർ അപകടം നടക്കുന്നതിന് 50 മീറ്റർ വ്യത്യാസത്തിലെത്തിയപ്പോൾ തന്നെ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറിയിരുന്നു. ഫുട്പാത്തിന് സമീപത്തെ പൊക്കം കുറഞ്ഞ കൈവരിയിൽ കാറിന്റെ മുൻവശം ഇടിച്ചതോടെ ഡ്രൈവർ ബ്രേക്ക് ചെയ്യാൻ ശ്രമിച്ചതായി ടയറിന്റെ പാടുകളിൽ കാണാം. എന്നാൽ നിയന്ത്രണം വിട്ട കാർ അമിത വേഗത്തിൽ ഫുട്പാത്തിലൂടെ മുന്നോട്ടുനീങ്ങിയാണ് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്.

കാർ തൊട്ടുപിന്നിലെത്തിയ കാര്യം ഇവർക്ക് തിരിച്ചറിയാനായില്ലെന്നാണ് നിഗമനം. ഒരുപക്ഷേ കാർ കണ്ടിരുന്നെങ്കിൽ ഒഴിഞ്ഞുമാറാനുള്ള അവസരം ഇരുവർക്കും ലഭിക്കുമായിരുന്നു. എന്നാൽ ശക്തമായ ഇടിയിൽ ഇരുവരും ബോധമറ്റ് കുഴിയിലേക്ക് വീഴുകയായിരുന്നു. അപകടത്തിനിടയാക്കിയ കാർ ഇന്നലെ ഫോറൻസിക് സംഘമെത്തി പരിശോധിച്ചു. സംഭവത്തിൽ പേരൂർക്കട പൊലീസ് കാർ ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.