നെയ്യാറ്റിൻകര: ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ 1ന് കാസർഗോഡ് നിന്നാരംഭിച്ച് 7ന് തിരുവനന്തപുരത്ത് സമാപിക്കുന്ന "സിവിൽ സർവീസ് സംരക്ഷണ യാത്ര" ഇന്ന് നെയ്യാറ്റിൻകരയിൽ എത്തിച്ചേരും. നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് വൈകിട്ട് 4.30ന് നടക്കുന്ന തിരുവനന്തപുരം സൗത്ത് ജില്ലാതല കാൽനട ജാഥ പര്യടനത്തിന്റെ സമാപനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ജി.എൻ.ശ്രീകുമാരൻ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം സൗത്ത് ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസത്തെ പ്രയാണം ഇന്ന് രാവിലെ 10ന് കാട്ടാക്കട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്.ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും. ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.ഷാനവാസ് ഖാൻ, ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ ക്യാപ്ടന്മാരും,വൈസ് ചെയർമാന്മാരായ കെ.മുകുന്ദൻ,എം.എസ്.സുഗൈതകുമാരി എന്നിവർ വൈസ് ക്യാപ്ടന്മാരും, ട്രഷറർ കെ.പി.ഗോപകുമാർ ജാഥ മാനേജരുമായ കാൽനട ജാഥ തൂങ്ങാംപാറ, അരുമാളൂർ,കണ്ടല വഴി ഉച്ചയ്ക്ക് 12ന് പോങ്ങുംമൂട് ജംഗ്ഷനിൽ എത്തുമ്പോൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വണ്ടന്നൂർ,പെരുമ്പഴുതൂർ വഴി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് പരിസരത്ത് കാൽനട ജാഥയുടെ സൗത്ത് ജില്ലാതല പര്യടനം പൂർത്തിയാകും. ജോയിന്റ് കൗൺസിൽ 'നന്മ സാംസ്കാരിക വേദി'യിലെ കലാകാരന്മാർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ 'വെയിൽ കൊള്ളുന്നവർ" എന്ന തെരുവുനാടകം അവതരിപ്പിക്കും. ജാഥ കടന്നുപോകുന്ന പ്രധാന ഇടങ്ങളിൽ ജാഥാംഗങ്ങൾ "ഓർമ്മ മരം" നടും. തിരുവനന്തപുരം സൗത്ത് ജില്ലാതല പര്യടനം പൂർത്തിയാക്കുന്ന കാൽനട ജാഥ 7ന് പുത്തരിക്കണ്ടം ഇ.കെ നായനാർ പാർക്കിൽ സമാപിക്കും.