
ബാലരാമപുരം: ടർഫിൽ ഫുട്ബാൾ കളിക്കാനെത്തിയ യുവാവിനെ ആക്രമിച്ച സംഭവത്തിൽ 5 പേരെ ബാലരാമപുരം പൊലീസ് അറസ്റ്റു ചെയ്തു. ഊരൂട്ടമ്പലം കൃഷ്ണപുരം വൈഷ്ണവം വീട്ടിൽ ആനന്ദ് (24),സഹോദരൻ അച്ചു എന്ന് വിളിക്കുന്ന അരവിന്ദ് (22), എരുത്താവൂർ പടിഞ്ഞാറേനട പടിനടവീട്ടിൽ രാഹുൽ (29), മുടവൂർപാറ തേരിക്കവിള അഖിൽ ഭവനിൽ അഖിൽ (23), എരുത്താവൂർ പടിഞ്ഞാറേനട മലഞ്ചെരുവിൽ വിനീഷ് ഭവനിൽ കിച്ചു എന്ന് വിളിക്കുന്ന അരുൺ വിൻസി (25) എന്നിവരാണ് അറസ്റ്റിലായത്.
നരുവാമൂട് ആരതിയിൽ അഭിജിത്തിനെയാണ് (20) ഞായറാഴ്ച വൈകിട്ട് 4ഓടെ സംഘം ആക്രമിച്ചത്. എരുത്താവൂരുള്ള ടർഫിൽ ഫുട്ബാൾ മാച്ച് കളിക്കാനെത്തിയ അഭിജിത്ത് ബൈക്ക് പാർക്ക് ചെയ്ത് ടർഫിലേക്ക് നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന സംഘം ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രതികൾ ഹെൽമറ്റ് കൊണ്ട് അഭിജിത്തിന്റെ തലയിലും കമ്പി കൊണ്ട് മുതുകിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ അഭിജിത്ത് ശാന്തിവിള ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം ബാലരാമപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇവിടെ നിന്ന് തിരികെ പോയ അഭിജിത്തിനെ പ്രതികൾ ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ കേസെടുത്ത ബാലരാമപുരം പൊലീസ് അഞ്ച് പ്രതികളെയും പിടികൂടുകയായിരുന്നു. ബാലരാമപുരം എസ്.എച്ച്.ഒ വിജയകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ ആന്റണി ജോസഫ് നെറ്റോ, പുഷ്പാംഗദൻ ആശാരി,എസ്.സി.പി.ഒമാരായ സന്തോഷ് കുമാർ,ഉല്ലാസ്,സന്തോഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.