
'തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ'
ഒരുനൂറ്രാണ്ട് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ മഹാകവി കുമാരാനാശാൻ 'ദുരവസ്ഥയിൽ' കോറിയിട്ടത് കേവലം നാലു വരികളല്ല, മലയാള നാട്ടിൽ നടമാടിയിരുന്ന മനുഷ്യവേട്ടയുടെ മനംമടുപ്പിക്കുന്ന നേർചിത്രമാണ്. മനുഷ്യൻ, മനുഷ്യനെ ജാതിയുടെയും നിറത്തിന്റെയും സമ്പത്തിന്റെയും അറിവിന്റെയും തുടങ്ങി പലപല കാരണങ്ങളുടെ പേരിൽ വേർതിരിച്ച് ആട്ടിയകറ്റി നിർത്തിയിരുന്ന സങ്കടക്കടലിന്റെ പേടിപ്പെടുത്തുന്ന ആഴമാണ് മഹാകവി നമുക്ക് കാട്ടിത്തന്നത്, നിൽക്കാനും നടക്കാനും കഴിക്കാനും ഉറങ്ങാനും പ്രത്യേകം പ്രത്യേകം അസൗകര്യങ്ങളുടെ ഇടം നിശ്ചയിച്ച് സഹജീവികളെ പ്രാകൃത ജീവികളാക്കി മെരുക്കി നിറുത്തിയിരുന്ന ഇരുണ്ട കാലം. മോചനമെന്നത് സ്വപ്നത്തിൽ പോലും കാണാൻ ത്രാണിയില്ലാതെ എല്ലാംസഹിക്കാൻ വിധിക്കപ്പെട്ടവരായി സ്വയം കരുതി ദുരിതങ്ങളോട് സമരസപ്പെട്ട അത്തരം പീഡിത വിഭാഗങ്ങളെ, കൈപിടിച്ച് ഉയർത്താൻ വിശ്വഗുരുവായ ശ്രീനാരായണഗുരു അവതരിക്കേണ്ടി വന്നു. പിന്നീടുള്ളത് ചരിത്രം. ജാതി ചിന്തകളുടെ കാളകൂട വിഷം എന്നന്നേക്കുമായി നിർമാർജ്ജനം ചെയ്തു എന്ന ബോദ്ധ്യം ലോകത്തിനുണ്ടായെങ്കിലും വർത്തമാന കാലത്തും ആ വിഷത്തിന്റെ അംശം സമൂഹത്തിൽ അവശേഷിക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തങ്ങൾ നാം കണ്ടുകൊണ്ടിരിക്കയാണ്. പുരോഗമനവും ശാസ്ത്രപുരോഗതിയുമൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്ന നാം തിരിഞ്ഞു നിന്ന് ചിന്തിക്കേണ്ടതുണ്ട്.
ഇത്രയും ആമുഖമായി പറയാൻ കാരണം കഴിഞ്ഞ ദിവസം നമ്മെവിട്ടുപോയ (സ്വയം ജീവത്യാഗം ചെയ്ത) ഡോ. കുഞ്ഞാമൻ എന്ന മഹാനായ മനുഷ്യനെക്കുറിച്ചുള്ള ഓർമ്മകളാണ്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്ന നിർണായക ദിവസമായിരുന്നിട്ടു കൂടി ദൃശ്യമാദ്ധ്യമങ്ങളടക്കം എല്ലാ വാർത്താ മാദ്ധ്യമങ്ങളും വലിയൊരു പങ്ക് സമയവും സ്ഥലവും ഡോ.കുഞ്ഞാമന് വേണ്ടി മാറ്റി വച്ചു. ലോകമറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ കുഞ്ഞാമൻ എന്നൊരാൾ കൊച്ചു കേരളത്തിൽ ഇങ്ങനെ ജീവിക്കുന്നു എന്ന് പലർക്കും മനസിലാവാൻ അദ്ദേഹത്തിന്റെ മരണം വേണ്ടിവന്നു. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് അറിവും പാണ്ഡിത്യവുമുള്ള പലരും പറഞ്ഞത്, കുഞ്ഞാമൻ എത്തേണ്ട സ്ഥാനത്തെത്തിയില്ല എന്നാണ്. അർഹിക്കുന്ന സ്ഥാനമാനങ്ങൾ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന് സമൂഹം നൽകിയില്ലെന്നാണ്. ഈ നീതി നിഷേധത്തിന്റെ മൂലകാരണം തേടി പാഴൂർപടിക്കൽ വരെ പോകേണ്ട. 'എതിര്- ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിത സമരം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഒരാവർത്തി വായിച്ചാൽ മതിയാവും. കൊമ്പുകുലുക്കി എത്തിയ പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും ഒട്ടു കൂസാതെ നേരിട്ട് തോല്പിച്ചാണ് അദ്ദേഹം വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിയത്. അസൂയാവഹമായ ഉയരത്തിൽ എത്തുന്നതിൽ അദ്ദേഹം വിജയിച്ചെങ്കിലും വിജയം നേടി എത്തിയപ്പോൾ ഒരു സമ്മാനം നൽകാൻ ആരുമുണ്ടായില്ല. 'സ്കൂളിൽ പോയത് പഠിക്കാനായിരുന്നില്ല, ഉച്ചക്കഞ്ഞി കുടിക്കാനായിരുന്നു'വെന്ന അദ്ദേഹം കുറിച്ച ചെറിയവാചകത്തിലുണ്ട് , ബാല്യത്തിൽ അനുഭവിച്ച യാതനകളുടെ രത്നചുരുക്കം. ഈ യാതനകളെ വിളനിലമാക്കിയും പ്രതിസന്ധികളെ വളമാക്കിയുമാണ് കുഞ്ഞാമൻ എന്ന മനുഷ്യമരം കാതൽ ബലപ്പെടുത്തിയത്.
കേരള സർവകലാശാലയിലെ സാമ്പത്തിക കാര്യവിഭാഗത്തിൽ 27 വർഷം അദ്ധ്യാപകനും പ്രൊഫസറും. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ അംഗം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസിൽ പ്രൊഫസർ എന്നിങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമുന്നത പദവികൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും സ്വന്തം ജീവിതം നേരിട്ട തിക്താനുഭവങ്ങളുടെ മാറാപ്പിൽ നിന്ന് അദ്ദേഹം തീർത്തും മോചിതനായിരുന്നില്ല. തന്റെ ആത്മകഥയുടെ ആദ്യഭാഗത്തു തന്നെ അദ്ദേഹം അത് വെളിപ്പെടുത്തുന്നു.
'ഇരുട്ട് നിറഞ്ഞതായിരുന്നു കാലം. പേടി മാത്രം നൽകിയിരുന്ന സമുദായം. ജാതി പാണൻ. അച്ഛൻ അയ്യപ്പൻ. 'അമ്മ ചെറോണ. അവർ നിരക്ഷരരായിരുന്നു. എച്ചിലെടുത്തും അത് തിന്നുമാണ് ജീവിതം. അച്ഛൻ കന്നുപൂട്ടാൻപോകും. കടുത്ത ദാരിദ്ര്യവും അടിച്ചമർത്തപ്പെട്ട ജാതിയും. ഒന്ന് മറ്റൊന്നിനെ ഊട്ടി വളർത്തി.'
ഒരൊറ്റ മണ്ണെണ്ണ വിളക്ക് മാത്രമുള്ള ഒരു ചാളയിലാണ് ജീവിതം. പുസ്തകം വായിക്കാൻ തുടങ്ങുമ്പോൾ അമ്മ വിളക്കെടുത്തു അടുക്കളയിലേക്കുപോകും. അതോടെലോകം ഒരു ഇരുട്ടായി തന്നെ ചുറ്റിവരിയും'.
ജന്മിമാരുടെ വീട്ടിൽ തൊടിയിൽ മണ്ണ് കുഴിച്ചു ഇലയിട്ട് അതിൽ തരുന്ന കഞ്ഞി കുടിച്ചും സദ്യ കഴിഞ്ഞു വരുന്ന എച്ചിൽ തിന്നുമാണ് വളർന്നത്. പഠിപ്പിക്കുന്ന അദ്ധ്യാപകൻ പേരിന് പകരം പതിവായി ജാതിപ്പേരുവിളിച്ചപ്പോൾ അതിനെ ചോദ്യം ചെയ്ത കൊച്ച് കുഞ്ഞാമന്റെ കരണം പുകഞ്ഞു. ആ അടിയും മണ്ണെണ്ണ വിളക്കിന്റെ ഇരുട്ടും ഓർമകളിൽ നിന്നും മാഞ്ഞുപോവാതിരുന്നതിനാലാണ് അദ്ദേഹം സമൂഹത്തോട് പലപ്പോഴും കലാപം കാട്ടിയത്. രാഷ്ട്രപതി കെ.ആർ.നാരായണന് ശേഷം ദളിത് വിഭാഗത്തിൽ നിന്ന് ഒന്നാം റാങ്കിൽ ബിരുദാനന്തരബിരുദം നേടിയത് കുഞ്ഞാമനാണ്. സി.ഡി.എസിലെ തുടർപഠനകാലത്ത്, സാമ്പത്തിക ശാസ്ത്രമേഖലയിലെ പരിണതപ്രജ്ഞനായ കെ.എൻ.രാജിനോട് പോലും മുഖത്തു നോക്കി മനസിലുള്ളത് പറയാൻ അദ്ദേഹം മടിച്ചില്ല, പക്ഷെ അത്തരം മറുപടി പറച്ചിലുകൾ കുഞ്ഞാമന് വേറിട്ടൊരു ഇമേജ് നൽകി. കമ്യൂണിസ്റ്ര് പ്രസ്ഥാനത്തിനോടും ഇ.എം.എസ് അടക്കമുള്ള നേതാക്കളോടും മനസാ ഇഷ്ടവും യോജിപ്പും ഉണ്ടായിരുന്നെങ്കിലും ഇടയ്ക്കിടെ അദ്ദേഹം ഉയർത്തിയ ചില ചോദ്യചിഹ്നങ്ങൾ പലരെയും അലോസരപ്പെടുത്തി.
എ.കെ.ജി സെന്ററിലെ സെമിനാറുകളിൽ ഇ.എം.എസിനെ നേരിട്ട് വിമർശിക്കുമായിരുന്ന കാര്യവും തന്റെ പുസ്തകത്തിൽ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ അത്തരമൊരു സെമിനാറിൽ നിശ്ശബ്ദനായിരുന്ന അദ്ദേഹത്തോട്, 'വിമർശിക്കണം. വിമർശനത്തിലൂടെ ആണ് മാർക്സിസം വളരുന്നത്. എന്നെയും വിമർശിക്കണം. വിമർശിക്കപ്പെടാതിരിക്കാൻ ഞാൻ ദൈവമല്ല.' എന്ന്‌നേരിട്ട് പറഞ്ഞ ഈ എം.എസാണ് തന്റെ ശരിയായ അദ്ധ്യാപകൻ എന്നും കുഞ്ഞാമൻ സൂചിപ്പിക്കുന്നുണ്ട്. അദ്ധ്യാപകൻ എന്ന നിലയിലും ഗവേഷകൻ എന്ന നിലയിലും വേറിട്ട വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ കാമ്പ് എന്തെന്ന് മനസിലാക്കാനോ, അഥവാ മനസിലായിട്ടുണ്ടെങ്കിൽ തന്നെ അതിനനുസരണമായ ഒരു വേദി അദ്ദേഹത്തിനായി സജ്ജമാക്കാനോ ആരും തുനിഞ്ഞില്ല. അക്കമിട്ട് ആരുടെ മേലും കുറ്റം നിരത്തിയിട്ട് കാര്യമില്ല. കണ്ണുണ്ടായാലും കാണാതെ പോയാൽ എന്തുചെയ്യാനാവും.
ഇതുകൂടി കേൾക്കണേ
ഡോ.കുഞ്ഞാമൻ സ്വജീവീതം വെടിഞ്ഞതു കൊണ്ട് അവസാനിക്കുന്ന ഒരു വിഷയമല്ല, സാമൂഹ്യ നീതി നിരാകരിക്കൽ. ഉണരേണ്ടവർ,അല്ലെങ്കിൽ ഉറക്കം നടിക്കുന്നവർ ഇതെല്ലാം കാണാനും അറിയാനും ഒന്നുമനസ് വയ്ക്കണം.