വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറമേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതായി പരാതി. കൂട്ടമായെത്തുന്ന ആനകൾ പ്രദേശത്തെ കൃഷികൾ മുഴുവൻ നശിപ്പിക്കുകയാണ്. ഒരാഴ്ചയായി പ്രദേശത്ത് കാട്ടാനകൾ നാശവും ഭീതിയും പരത്തി വിഹരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിയിൽ വൃന്ദാവനം എസ്റ്റേറ്റ്മേഖലയിൽ കാട്ടാനകൾ റബർ, തെങ്ങ്, കമുക്, മരച്ചീനി പച്ചക്കറികൃഷികൾ ഉൾപ്പെടെ വ്യാപകമായി നശിപ്പിച്ചു. എസ്റ്റേറ്റ് വളപ്പിൽ നിന്ന തെങ്ങുകൾ വൈദ്യുതിലൈനിലേക്ക് മറിച്ചിടുകയും ലൈൻ തകരുകയുംചെയ്തു. ആനയ്ക്കും നേരിയതോതിൽ ഷോക്കേറ്റു. ലൈൻ തകർന്നതോടെ മേഖലയിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം തടസ്സപ്പെട്ടു. വിതുര ഇലക്ട്രിക്സിറ്റി ഓഫീസിൽനിന്നും ജീവനക്കാരെത്തി പൊട്ടിയലൈൻ നന്നാക്കി വൈദ്യുതിവിതരണം പുനസ്ഥാപിച്ചു. മുൻപും കല്ലാർ മേഖലയിൽ കാട്ടാനകൾ വൈദ്യുതിതൂൺ മറിച്ചിട്ട് വൈദ്യുതി മുടങ്ങിയിരുന്നു.

 പേടിയോടെ ജനം

ആനശല്യം മൂലം രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. ആനശല്യം മൂലം രാത്രിയിൽ ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് ആദിവാസികൾ പറയുന്നു. മാത്രമല്ല ഉപജീവനത്തിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽകയറാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

 കാട്ടുപോത്തും

വനാന്തരത്തിൽ എത്തിയ ആദിവാസികളെ കാട്ടാനകൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ആനശല്യം മൂലം ആനപ്പാറ, കല്ലാർ, പൊൻമുടി എന്നിവിടങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലാണ്. പ്രദേശത്ത് കാട്ടുപോത്തുകളും ഭീതിപരത്തുന്നുണ്ട്. വനപാലകർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രതികരണം

വിതുര പഞ്ചായത്തിലെ ആനപ്പാറ മേഖലയിൽ വർദ്ധിച്ചുവരുന്ന കാട്ടുമൃഗശല്യത്തിന് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

എ.ഇ.ഈപ്പൻ

പ്രസിഡന്റ് ആനപ്പാറ കാരുണ്യാ റസിഡന്റ്സ് അസോസിയേഷൻ.