
തിരുവനന്തപുരം നഗരത്തിൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഗുണ്ടാസംഘങ്ങൾ വിളയാടുന്നത് അടിക്കടി ആവർത്തിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് അരുംകൊലകളാണ് നടന്നത്. നഗരത്തിൽ മാത്രമല്ല, ജില്ലയുടെ പല ഭാഗങ്ങളിലും അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാറനല്ലൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്നത് ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തെ തോൽപ്പിക്കുന്ന രീതിയിലുള്ള വിളയാട്ടമായിരുന്നു. പതിനഞ്ചിലേറെ വാഹനങ്ങളാണ് ഇവർ അടിച്ചുതകർത്തത്. ഭരിക്കുന്ന പാർട്ടിയുടെ ലേബലുണ്ടെങ്കിൽ എന്ത് അഴിഞ്ഞാട്ടവും നടത്താമെന്ന തോന്നൽ പുലർത്തുന്നവരെ വളരാൻ അനുവദിക്കുന്നത് അരാജകത്വത്തിന് വഴിതെളിക്കും.
ഇത്തരം സാമൂഹ്യവിരുദ്ധ അക്രമങ്ങൾക്ക് മുതിരുന്നവരെ നിലയ്ക്കുനിറുത്താൻ വേണ്ട നടപടികൾ പാർട്ടിയുടെ ഭാഗത്തുനിന്നും പൊലീസിന്റെ ഭാഗത്തുനിന്നും സംയുക്തമായി ഉണ്ടാകണം. ജനസംഖ്യയുടെ ഭൂരിപക്ഷവും നിയമങ്ങൾ പാലിച്ച് മര്യാദയ്ക്ക് ജീവിക്കുന്നവരാണ്. അവരുടെ സ്വൈര്യജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന രീതിയിൽ ഗുണ്ടകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടുറോഡിൽ അക്രമങ്ങൾ നടത്തുന്നത് ആവർത്തിക്കുന്നത് പൊലീസിന്റെ കഴിവുകേട് മൂലമാണെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം രാത്രിയിലും ഗുണ്ടകൾ കല്ലടിമുഖത്ത് അഴിഞ്ഞാട്ടം നടത്തി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അക്രമണത്തിന് നേതൃത്വം നൽകിയത്.
കരിമഠം കോളനിയിൽ രണ്ടാഴ്ച മുമ്പാണ് 19 വയസുള്ള അർഷാദിനെ ലഹരിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലഹരി ബിസിനസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന, ഇതേ കോളനിയിൽത്തന്നെയുള്ള സംഘമാണ് കൊലപാതകം നടത്തിയത്. ഈ കേസിലെ പ്രതികളുടെ കൂട്ടാളികൾ ഒരാഴ്ചയ്ക്കുശേഷം ഒരു സ്‌ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനെ തെല്ലും വകവയ്ക്കാത്ത രീതിയിലുള്ള ഇവരുടെ അഴിഞ്ഞാട്ടം ശക്തമായ നിയമ നടപടികളിലൂടെ അമർച്ച ചെയ്‌തേ മതിയാകൂ. കഴിഞ്ഞ മാസം ഏഴിന് പൂജപ്പുര ബാറിലുണ്ടായ നിസാരമായ വാക്കുതർക്കത്തിന്റെ പേരിൽ പൂന്തുറ സ്വദേശിയും പോസ്റ്റൽ ജീവനക്കാരനുമായ പ്രദീപിനെ ആറംഗ സംഘം ബാറിന് പുറത്തുവച്ച് അടിച്ചുകൊന്നിരുന്നു. സെപ്തംബറിൽ പേട്ട കല്ലുംമൂട് പാലത്തിനു സമീപത്തെ റോഡിൽ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിവീഴ്‌ത്തുകയുണ്ടായി. മാർച്ചിൽ പൊങ്കാല നടക്കുന്നതിനിടയിലും ഗുണ്ടാ ആക്രമണമുണ്ടായി.
നഗരത്തിലെ പല ലഹരിസംഘങ്ങളെയും നയിക്കുന്നത് ഗുണ്ടകളാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. പ്രതികളെ പൊലീസ് പിടികൂടിയാലും ഇവർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം നടത്തുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. തലസ്ഥാനത്ത് ഈ വർഷം 12 ഗുണ്ടാ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് തന്നെ അറിയിച്ചിട്ടുള്ളത്. ചില കോളനികളും ബാറുകളും കേന്ദ്രീകരിച്ചാണ് ഗുണ്ടാ ആക്രമണങ്ങളുടെ ആസൂത്രണങ്ങൾ നടക്കുന്നത്. ഇത് തടയാൻ പൊലീസ് ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. മാറനല്ലൂരിലെ പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാർട്ടിയുടെ നേതാക്കളും ശക്തമായ ഇടപെടൽ നടത്തണം. ഒരു സർക്കാരിന്റെ മുഖ്യ കടമകളിലൊന്ന് ക്രമസമാധാനപാലനമാണ്. അതു തകർന്നാൽപ്പിന്നെ മറ്റു നേട്ടങ്ങൾക്കൊന്നും പ്രസക്തിയില്ലാതാകും.