k

പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയിരിക്കുകയാണ്. പതിവുപോലെ ആദ്യ ദിനം തന്നെ ബഹളത്തോടെയായിരുന്നു തുടക്കം. ഉന്നയിക്കാൻ പ്രശ്നങ്ങൾ ധാരാളമുള്ളപ്പോൾ അംഗങ്ങൾക്ക് ആവേശവും കൂടും. തട്ടും തടയുമില്ലാതെ സമ്മേളനം സുഗമമായി കൊണ്ടുപോവുകയെന്നത് സഭാദ്ധ്യക്ഷന്മാർക്ക് വലിയ വെല്ലുവിളി തന്നെയാണ്. ഏതായാലും പതിവിൽ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷ മുന്നണി സ്വാഗതാർഹമായ ഒരു തീരുമാനമെടുത്തിരിക്കുന്നു. ശീതകാല സമ്മേളനം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് തങ്ങളുടെ ഭാഗത്തുനിന്ന് തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നാണ് യോഗം ചേർന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരിക്കുന്നത്.

കാലാവധി തീരാൻ മാസങ്ങൾ മാത്രമേയുള്ളൂ. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാകണം പാർലമെന്റിൽ നല്ല കുട്ടികളാകാനുള്ള തീരുമാനമെന്നു കരുതാം. സഭയിൽ വെറുതെ ബഹളം കൂട്ടുന്നതിലെ നിഷ്‌ഫലത ഇപ്പോഴെങ്കിലും ബോദ്ധ്യമായതു നന്നായി. സമാജ്‌വാദി പാർട്ടി മാത്രമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിളിച്ചുകൂട്ടിയ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാതിരുന്നത്. പ്രതിഷേധം മാത്രമല്ല, പാർട്ടി പ്രതിനിധിക്ക് മറ്റെന്തോ അത്യാവശ്യ കാര്യമുള്ളതുകൊണ്ടാണ് വിട്ടുനിന്നതെന്നാണ് വിവിശദീകരണം. മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പങ്കിടലിനെച്ചൊല്ലി സമാജ്‌വാദി നേതാവ് അഖിലേഷ് യാദവും കോൺഗ്രസ് അദ്ധ്യക്ഷനും തമ്മിൽ നടന്ന വാക‌്‌പോര് പലരും ഓർക്കുന്നുണ്ടാകും. സമാജ്‌വാദി പ്രതിനിധി പങ്കെടുത്താലുമില്ലെങ്കിലും മുന്നണി യോഗം കൈക്കൊണ്ട തീരുമാനം മാതൃകാപരം തന്നെയാണ്.

ഓരോ തവണ പാർലമെന്റ് സമ്മേളിക്കുമ്പോഴും പ്രതിപക്ഷ ബഹളം കാരണം എത്രയോ വിലപ്പെട്ട മണിക്കൂറുകളാണ് വെറുതേ പാഴാകുന്നത്. ഇങ്ങനെ ബഹളമുണ്ടാക്കി അടിച്ചുപിരിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. വൻ ചെലവു ചെയ്താണ് ഓരോ സമ്മേളനവും വിളിച്ചുകൂട്ടുന്നത്. ആർക്കും പ്രയോജനമില്ലാതെ സമ്മേളനം ബഹളത്തിൽ അവസാനിക്കുമ്പോൾ നഷ്ടമാകുന്നത് വിലപ്പെട്ട സമയം മാത്രമല്ല. നിയമ നിർമ്മാണ സഭയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്ന നാനാതരത്തിലുള്ള കർത്തവ്യങ്ങൾ കൂടിയാണ്. സുപ്രധാന നിയമ നിർമ്മാണങ്ങൾ പോലും വേണ്ടത്ര ചർച്ചകൂടാതെയാണ് പലപ്പോഴും കടന്നുപോകുന്നത്. ബഹളത്തിനിടെ തന്നെ ബില്ലുകൾ പലതും പാസ്സാക്കപ്പെടുന്നു. അവയുടെ ഉള്ളടക്കം പോലും ജനങ്ങൾ അറിയുന്നില്ല.

ബഹളമുണ്ടാക്കി ശീതകാല സമ്മേളനം തടസ്സപ്പെടുത്തുകയില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനമെടുത്തുവെങ്കിലും ഏകപക്ഷീയമായി സർക്കാർ തീരുമാനങ്ങളെടുത്താൽ ശക്തിയായി അതിനെ എതിർക്കുകതന്നെ ചെയ്യുമെന്നാണ് നിലപാട്. തൃണമൂൽ എം.പി മഹുവാ മൊയ്‌ത്രയെ പുറത്താക്കുള്ള എത്തിക്സ് കമ്മിറ്റി ശുപാർശ അതിലൊന്നാണ്. മഹുവയുടെ കാര്യത്തിൽ സഭയിൽ വിശദ ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിടേണ്ടിവന്ന പരാജയത്തിന് പാർലമെന്റിൽ വന്ന് ബഹളം കൂട്ടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര‌മോദി തിങ്കളാഴ്ച പ്രതിപക്ഷത്തെ ഉപദേശിച്ചിരുന്നു. തുടർച്ചയായ ബഹളവും നടപടികൾ സ്തംഭിപ്പിക്കലും ആർക്കും ഒരു ഗുണവും ചെയ്യുകയില്ല. മാത്രമല്ല അതിനു മുതിരുന്നവർക്കു തന്നെയാണ് അതിന്റെ ദോഷം. പ്രധാനമന്ത്രിയുടെ ഉപദേശം പ്രതിപക്ഷത്തുള്ളവർ ചെവിക്കൊള്ളാൻ പോകുന്നില്ലെന്നു വ്യക്തം. എന്നിരുന്നാലും എന്തിനുമേതിനും ബഹളംവച്ച് സഭാനടപടികൾ സ്തംഭിപ്പിക്കുന്ന പതിവു ശീലത്തിൽ നിന്നു പിന്തിരിയാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. വൈകിയാണെങ്കിലും വിവേകപൂർവമായ തീരുമാനം തന്നെയാണത്.