
തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ വിമർശനം. എസ്.എസ്.എൽ.സി ചോദ്യപേപ്പർ തയ്യാറാക്കുന്നതിനായി അദ്ധ്യാപകർക്ക് സംഘടിപ്പിച്ച ശില്പശാലയിലാണ് വാരിക്കോരിയുള്ള മാർക്ക് വിതരണത്തിനെതിരായ എസ്. ഷാനവാസിന്റെ പ്രതികരണം. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നു.
'പരീക്ഷകൾ പരീക്ഷകളാകണം. കുട്ടികൾ ജയിക്കുന്നെങ്കിൽ ജയിച്ചുപോകട്ടെ. എല്ലാവർക്കും എ കിട്ടുക 'എ പ്ലസ്" കിട്ടുക എന്നത് നിസാര കാര്യമാണോ? 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം. 69,000 പേർക്ക് എല്ലാവർഷവും എ പ്ലസ് കിട്ടുക എന്നുവച്ചാൽ എനിക്കുറപ്പുണ്ട്, അക്ഷരം കൂട്ടിവായിക്കാൻ കഴിയാത്ത കുട്ടികൾപോലും ഇതിലുണ്ട്" - ഇങ്ങനെ പോകുന്നു ഷാനവാസിന്റെ വിമർശനം.
അതേസമയം മൂല്യനിർണയം മെച്ചപ്പെടുത്താനാണ് വിമർശനമെന്നാണ് എസ്. ഷാനവാസിന്റെ വിശദീകരണം. സംഭവത്തിൽ റിപ്പോർട്ട് നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി ഷാനവാസിനോട് നിർദ്ദേശിച്ചു.
നയം പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തൽ: മന്ത്രി ശിവൻകുട്ടി
എല്ലാ വരെയും ഉൾക്കൊണ്ട് വിദ്യാഭ്യാസഗുണമേന്മ വർദ്ധിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുകയെന്നത് സർക്കാർ നയമല്ല. വിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തരയോഗത്തിൽ പറഞ്ഞതുസംബന്ധിച്ച് വാർത്താചാനലിൽ വന്ന അറിവ് മാത്രമേയുള്ളൂ. ആന്തരികമായി നടക്കുന്ന ശില്പശാലകളിലെ വിമർശനം സർക്കാർ നിലപാടായി കാണേണ്ടതില്ല. ദേശീയ ഗുണനിലവാര സൂചികകളിൽ കേരളം മുൻപന്തിയിലാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി പറഞ്ഞു.
പരാമർശം പരിശോധിക്കണം: വി.ഡി. സതീശൻ
വിദ്യാഭ്യാസവകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ ഗൗരവമായി പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. എഴുതാനും വായിക്കാനും അറിയാത്തവർക്ക് എ പ്ലസ് കൊടുക്കുന്നെന്ന് ഡയറക്‌ടർ തന്നെ പറയുകയാണ്. വിജയശതമാനമൊക്കെ ക്രെഡിറ്റിനായി കാണിക്കുന്നതാണെന്നാണ് അതിനർത്ഥം. മൂല്യനിർണയത്തിൽ കുഴപ്പമുണ്ടെങ്കിൽ പരിശോധിച്ച് മാറ്റം വരുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.