
കാൽനടയായി നടന്നുവരുന്നവരെ വീൽചെയറിലും, വീൽചെയറിൽ വരുന്നവരെ സ്ട്രെച്ചറിലും.... അങ്ങനെ പടിപടിയായി സുഖപ്രസവം മുതൽ നിത്യനിദ്ര വരെ - മാംസപാത്രത്തിൽ നിന്ന് മൺപാത്രം വരെ - ചിലപ്പോഴൊക്കെ കൈപിടിച്ചുകയറ്റുന്ന ചില ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളുടെ പ്രതാപവും മങ്ങുകയാണ്. കേരളത്തിലെ അതിപ്രശസ്തമായ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സമുച്ചയത്തിൽ ചെന്നുകയറിയാൽ ഇതും ഒരു മാളാണോ എന്നു തോന്നാം!
കൂറ്റൻ കെട്ടിട സമുച്ചയമാകെ എ.സി. എവിടെയും കറങ്ങിനടക്കാം. ആരും നിയന്ത്രിക്കാനോ തടയാനോ വരില്ല. ക്യാമറകൾ നിങ്ങളെ വലയിലാക്കിയിട്ടുണ്ടാവാം. രോഗികളോളം പരിഗണന കൂട്ടുകാർക്കും. എവിടെയും ലഘുഭക്ഷണശാലകൾ. ഏഴോ എട്ടോ പടുകൂറ്റൻ ബ്രാൻഡഡ് ഭക്ഷണശാലകൾ. ഒന്നാന്തരം ഗസ്റ്റ് ഹൗസ്. തണൽ പാർത്തു നടക്കാനും ഇരിക്കാനും ഉല്ലസിക്കാനുമുള്ള ഇടങ്ങൾ. വേണമെങ്കിൽ ഒരു ബോട്ടുയാത്രയുമാവാം. വായിക്കാൻ സൗജന്യ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും. എവിടെയും സഹായിക്കാൻ പരിചാരകർ, സേവകർ, വിദഗ്ദ്ധർ....
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കുറച്ചുനാൾ വിശ്രമിക്കാമെന്നു കരുതിയ ധനികവൃദ്ധർ താമസം ഹോസ്പിറ്റലിലേക്കു മാറ്റി. രണ്ടാമത്തെ ഇടത്ത് പരിചരണ സൗഭാഗ്യം കൂടുതൽ ലഭിക്കുകയും ചെയ്യും.
ഇപ്പോഴിതാ മറ്റൊരു സൗഭാഗ്യവും കൈവന്നിരിക്കുന്നു. മന്ത്രിമാർ പറഞ്ഞുതരുമ്പോഴാണല്ലോ നമ്മുടെ ട്യൂബ് ലൈറ്റ് കത്തുക. മുഖ്യമന്ത്രി നിരന്തരം പത്രസമ്മേളനങ്ങൾ നടത്തി വികസന കാര്യങ്ങൾ ആവർത്തിക്കുന്നതുകൊണ്ട് നമുക്ക് എല്ലാം മനഃപാഠമാണ്. എന്നാൽ വിദ്യാഭ്യാസമന്ത്രി കുട്ടിയാണെങ്കിലും പറയുന്നത് നൂറ്റൊന്നു ശതമാനം ശരിയാണ്. പിള്ളവായിൽ കള്ളമില്ലല്ലോ?
നാട്ടിൻപുറത്തുകാർ തങ്ങളുടെ പ്രദേശത്ത് ഉയർന്നുവന്ന ഫൈവ് സ്റ്റാർ ഹോട്ടൽ, സ്കൂളാണെന്ന് അറിയാതെ കയറിയിറങ്ങുന്നു! കൂറ്റൻ കെട്ടിട സമുച്ചയവും സർവകലാശാലയുടേതു പോലുള്ള ശില്പഗോപുരവും സെൻട്രൽ ജയിലിന്റെ മതിലും ടൈൽ വിരിച്ച മുറ്റവും സ്വിമ്മിംഗ് പൂളും കളിക്കളവും, കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും കളിച്ചുരസിക്കുന്ന കുട്ടികളും.... എല്ലാം കണ്ട് ഫെലിസിറ്റേറ്ററായി മാറി വിശ്രമിക്കുന്ന അദ്ധ്യാപകർ. ഫൈവ്സ്റ്റാർ ഫുഡ് (പഴയ അമേരിക്കൻ ഉപ്പുമാവുമൊന്നുമല്ല!). അടുക്കളയിൽ വിയർക്കുന്ന, ശമ്പളം കിട്ടാത്ത പാചകക്കാർ.... സർവ്വം ആനന്ദമയം! പച്ചക്കറിക്കൃഷി മുതൽ പഞ്ചഗുസ്തി മത്സരം വരെ തകർപ്പൻ പരിപാടികൾ.... രണ്ടായിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം. ഈയിടെ ഒരനുഭവമുണ്ടായി. പഠിച്ച സർക്കാർ സ്കൂളിന്റെ കൂറ്റൻ ഗേറ്റിനു പുറത്തുനിന്ന് അകത്തേക്കു നോക്കാൻ അവസരം കിട്ടി. സത്യത്തിൽ സ്കൂളിന്റെ ഭൗതിക വളർച്ച കണ്ട്, കവി മധുസൂദനൻ നായർ പറഞ്ഞതുപോലെ, ഒന്നുകൂടി പഠിക്കാൻ തോന്നി.
പക്ഷെ ഈ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. ഭൗതിക സാഹചര്യങ്ങൾ പൂത്തുലയുന്ന ഈ സ്കൂളിൽ പഠിക്കാൻ കുട്ടികൾ മാത്രമില്ല! നൂറുകണക്കിനു കുട്ടികൾ ഞെങ്ങിഞെരുങ്ങി പഠിച്ചിരുന്ന ക്ളാസ് മുറികൾ നാലോ അഞ്ചോ കുട്ടികളെക്കൊണ്ട് കാലം കഴിക്കുകയാണ്. ചില ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സീസൺ അല്ലാത്തപ്പോൾ ഒഴിഞ്ഞുകിടക്കുന്ന മുറികൾ പോലെ! മന്ത്രി പറഞ്ഞതു ശരിയാണ്. ആളുകൾ ഇപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ, സർക്കാർ സ്കൂളെന്നു കരുതി കയറാൻ മടിക്കുന്നു! `ഫൈവ് സ്റ്റാറിന്റെ" ഒരു തലയിലെഴുത്തേ!
(ലേഖകന്റെ മൊബൈൽ: 94475 75156