
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ. ശബരിമല സീസൺ തുടങ്ങിയതോടെ വെഞ്ഞാറമൂട് - കാരേറ്റ് ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് ഇരട്ടിയായി.
വെഞ്ഞാറമൂട് - കാരേറ്റ് ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുള്ള അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ടൗണിന്റെ പലഭാഗത്തും നോ പാർക്കിംഗ് ബോർഡുകൾക്ക് സമീപത്തായി ദീർഘസമയം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വെഞ്ഞാറമൂട് പൊലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് ജനം ആരോപിക്കുന്നു.
എം.സി റോഡിൽ പിരപ്പൻകോട് നിന്ന് തുടങ്ങി നാഗരുകുഴി - കുറ്റിമൂട് വഴി അമ്പലംമുക്കിൽ അവസാനിക്കുന്ന റോഡിൽ ശബരിമല യാത്രക്കാരുടേത് ഉൾപ്പെടെയുള്ള ദീർഘദൂര വാഹനങ്ങളെ കടത്തിവിടാൻ പൊലീസ് ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പിരപ്പൻകോട് - അമ്പലംമുക്ക് ഭാഗത്ത് ട്രാഫിക് പൊലീസ് അയ്യപ്പ ഭക്തരുടേതുൾപ്പെടെയുള്ള ദീർഘദൂര വാഹനങ്ങളെ റിംഗ് റോഡ് വഴി കടത്തിവിട്ടാൽ വെഞ്ഞാറമൂട് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പകുതി കുറയുമെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു.