 കുടിവെള്ള പദ്ധതികളെല്ലാം പാളി

പൂവാർ: തീരദേശവാസികളുടെ വീടുകളിലെല്ലാം പൈപ്പ് കണക്ഷനുണ്ട്. പക്ഷേ വെള്ളം മാത്രമില്ല. കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളികളാണ് ശുദ്ധജലത്തിനായി നെട്ടോട്ടമോടുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് പ്പൈപ്പിലൂടെ വെള്ളമെത്തുന്നത്. അതുമിപ്പോൾ മുടങ്ങുന്നുണ്ട്. വീട്ടിലെ പാത്രങ്ങളിൽ ശേഖരിച്ചുവച്ച വെള്ളം ഒരാഴ്ചക്കാലം ഉപയോഗിക്കുന്നതാണ് പതിവ്. ഇതിനും മുടക്കം വന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. ദൂരസ്ഥലങ്ങളിൽ പോയി കന്നാസുകളിൽ കുടിവെള്ളം ശേഖരിക്കുന്നവരും ടാങ്കർ ലോറികളിലെത്തുന്ന വെള്ളം വില കൊടുത്തു വാങ്ങുന്നതും പതിവാണ്.

ജലജീവൻ മിഷൻ പദ്ധതി പ്രകാരം കൂടുതൽ വാട്ടർ കണക്ഷനുകൾ നൽകാൻ തുടങ്ങിയതും പൈപ്പ് പൊട്ടൽ വ്യാപകമാകുന്നതും പ്ലാന്റിൽ പമ്പിംഗ് നടക്കാത്തതുമാണ് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. കുളത്തൂരിലെ ചെറുകിട പമ്പു ഹൗസുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ കരിച്ചൽ പമ്പ് ഹൗസ്, പൂവാർ ഗ്രാമ പഞ്ചാത്തുകളിലെ പയന്തി തുടങ്ങിയ പമ്പുകളിൽ നിന്നാണ് തീരദേശത്തേക്ക് കുടിവെള്ളമെത്തുന്നത്. ആഴ്ചയിൽ ഒരു ദിവസമെത്തുന്ന കരിച്ചലിലെ വെള്ളം പലപ്പോഴും ചെളിവെള്ളമാണെന്നും ആക്ഷേപമുണ്ട്. ഇവിടെയാകട്ടെ ഒരുപമ്പ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. നിർജ്ജീവമായ 6മോട്ടോറുകളും പ്രവർത്തിപ്പിക്കാൻ അധികൃത‌ർ തയാറായിട്ടില്ല.

 പാളിയ പദ്ധതികൾ

1.2000ൽ ആരംഭിച്ച കാവുംകുളം കുടിവെള്ള പദ്ധതി ലക്ഷങ്ങൾ ചെലവിട്ടിട്ടും ഇതുവരെയും ലക്ഷ്യം കണ്ടില്ല. 2005ൽ ജില്ലാപഞ്ചായത്ത് പുനരുജ്ജീവിപ്പിക്കാൻ നടത്തിയ ശ്രമവും വഴിത്തർക്കത്തെ തുടർന്ന് തടസപ്പെട്ടു. കരുംകുളം പഞ്ചായത്തിന്റെ 6വാർഡുകൾക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയാണ് മുടങ്ങിപ്പോയത്. കൊച്ചുതുറയിലേതു പോലുള്ള ചെറുകിട പദ്ധതികൾ പോലും ലക്ഷ്യം സാധൂകരിക്കാൻ കഴിയുന്നില്ല എന്നാണ് ജനപ്രതിനിധികൾ പറയുന്നത്.

2.2005ൽ ആരംഭിച്ച പയന്തി പമ്പ് ഹൗസിന്റെ പ്രയോജനം ചെറിയ പ്രദേശത്തെ 20ഓളം വീടുകൾക്ക് മാത്രമാണ് ലഭിക്കുന്നത്. 15.92കോടി മുടക്കി തിരുപുറത്ത് ആരംഭിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് തീരദേശവാസികൾക്ക് ആശ്വാസമായെങ്കിലും വെള്ളം കരുംകുളം പൂവാർ മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണെത്തുന്നത്. അതും ആഴ്ചയിൽ 3ദിവസം. ആദ്യഘട്ടത്തിൽ കുമിളിയിലെ വെള്ളം പരണിയത്തെയും പൂവാറിലെയും ടാങ്കുകളിലെത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

 കുടിവെള്ളം സ്ഥിരമായി മുടങ്ങുന്നത്

കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ അമ്പലത്തുമൂല, അടിമലത്തുറ, ബീച്ച് റോഡ് എന്നിവിടങ്ങളിൽ

 ആവശ്യം

തീരമേഖലയുടെ നെയ്യാറിനെയും കരിച്ചൽ കായലിനെയും ഉപയോഗപ്പെടുത്തി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപെടുന്നത്.

തീരദേശ മേഖലയ്ക്ക് ശുദ്ധജലം ഉറപ്പുവരുത്താൻ നെയ്യാർ, കാരിച്ചൽ ജലസ്രോതസുകളെ ഉപയോഗപ്പെടുത്തി ആധുനിക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കണം.

കരുംകുളം രാധാകൃഷ്ണൻ , പ്രസിഡന്റ്, കരുംകുളം കൾച്ചറൽ സെന്റർ.