തിരുവനന്തപുരം: കെ.ആർ.എഫ്.ബിയുടെ കീഴിലുള്ള നഗരത്തിലെ റോഡുകൾ 2024 മാർച്ചോടെ പൂർണമായി സ്മാർട്ടാകുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ അറിയിച്ചു. 28 സെമിസ്മാർട്ട് റോഡുകളുടെയും 10 സ്മാർട്ട് റോഡുകളുടെയും നിർമ്മാണമാണ് പൂർത്തിയാക്കുന്നത്. 25 കോടിയാണ് സെമിസ്മാർട്ട് റോഡിനായി വകയിരുത്തിയിരിക്കുന്നത്. റോഡുകൾ ടാറിട്ട് കൈവരികളും തെരുവുവിളക്കുകളും സ്ഥാപിക്കുന്നതാണ് പദ്ധതി.

ന്യൂ തിയേറ്റർ, അരിസ്റ്റോ മുട്ടക്കട റോഡ്,പബ്ലിക് ലൈബ്രറി - നന്ദാവനം റോഡ്,എസ്.എസ് കോവിൽ റോഡ് തുടങ്ങിയ റോഡുകളാണ് സെമിസ്മാർട്ടിൽ വരുന്നത്. സി.വി.രാമൻപിള്ള റോഡ്,സ്റ്റാച്യു - ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ജനറൽ ഹോസ്പിറ്റൽ-വഞ്ചിയൂർ,നോർക്ക-ഗാന്ധിഭവൻ,ബേക്കറി-ഫോറസ്റ്റ് ഓഫീസ് ജംഗ്ഷൻ,മോഡൽ സ്കൂൾ-തൈക്കാട്,വി‌.ജെ.ടി ഹാൾ-ഫ്ലൈഓവർ,സ്പെൻസർ-എ.കെ.ജി റോഡ്,ഓവർബ്രിഡ്ജ്-ഉപ്പിടാംമൂട് റോഡ്,കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡ് എന്നീ റോഡുകളാണ് സ്മാർട്ട് റോഡുകളിൽ ഉൾപ്പെടുന്നത്.

പദ്ധതിയുടെ ഭാഗമായി റോഡിന് ഇരുവശത്തും 'അണ്ടർഗ്രൗണ്ട് ഡക്ക്റ്രിംഗ്' പ്രക്രിയയിലൂടെ എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാകും. ഓട നവീകരണം,തെരുവ് വിളക്കുകൾ,സൈക്ലിംഗ് പാത്ത്,ഫുട്പാത്ത് എന്നിവ വരുന്നതോടെ റോഡുകൾ സ്മാർട്ടാകും. 2020നാണ് സ്മാർട്ട് റോഡ് പണി ആരംഭിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച പണി പിന്നീട് പുനരാരംഭിക്കുകയായിരുന്നു.

ഓട വൃത്തിയാക്കലും മാൻഹോൾ

നിർമാണവും തുടങ്ങി

സ്മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായി ഓട വൃത്തിയാക്കലും പുനഃനിർമ്മാണവും തുടങ്ങി. താഴ്ന്നുകിടക്കുന്ന ഓടകൾ റോഡിന്റെ നിരപ്പിലേക്ക് ഉയർത്തുന്നതും പദ്ധതിയിലുണ്ട്.ഇതിനുശേഷം റോഡ് ടാർ ചെയ്യും.ഓട നവീകരണത്തിനായി കൊണ്ടുവന്ന സ്ളാബുകളിൽ പലതും റോഡിലാണ് കിടക്കുന്നതെന്നും ഇത് അപകടത്തിന് കാരണമാകുമെന്നും നാട്ടുകാർ പറയുന്നു.

കോരി മാറ്റുന്ന മാലിന്യം ഓടയുടെ വശങ്ങളിൽ തന്നെ വയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്. എന്നാൽ ഇങ്ങനെ കോരിവച്ച മാലിന്യം എടുത്തുമാറ്റിയതായി അധികൃതർ അറിയിച്ചു. പുളിമൂട് മുതൽ ഉപ്പിടാംമൂട് വരെയുള്ള റോഡിലും, അരിസ്റ്റോ ജംഗ്ഷൻ,പഴവങ്ങാടി-പത്‌മവിലാസം തുടങ്ങി ഇടറോഡുകളിലെല്ലാം സ്മാർട്ട് റോഡ് പദ്ധതിയുടെ ഭാഗമായി ഓടയുടെ പണിയും നടക്കുന്നുണ്ട്. വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ മാൻഹോളുകളുടെ പണിയും ആരംഭിച്ചു. തൈക്കാട് ഹൗസ്-കീഴെ തമ്പാനൂർ റോഡ്,അംബുജവിലാസം റോഡ്,പാളയം-നന്ദാവനം റോഡ്,അരിസ്റ്റോ ജംഗ്ഷൻ,പഴവങ്ങാടി-പത്മവിലാസം റോഡ്,ഓവർ ബ്രിഡ്ജ്-ഉപ്പിടാംമൂട് റോഡ്,സ്റ്റാച്യു ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ,പുന്നൻ റോഡ്,മോഡൽ സ്കൂൾ-മേട്ടുക്കട റോഡ് എന്നിവിടങ്ങളിൽ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ മാൻഹാളുകളുടെ നിർമ്മാണവും സ്വീവേജ് പൈപ്പിടലും തുടങ്ങി. അംബുജവിലാസം റോഡിൽ 5 മാൻഹോളുകളുടെ പണി പൂർത്തിയായി. ബാക്കി പണി ഒരാഴ്ചയ്ക്കകവും മറ്റിടങ്ങളിലെ പണി സമയബന്ധിതമായും പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. റോഡുകൾ ഒരേസമയം വെട്ടിപ്പൊളിച്ചിട്ടത് കാൽനടയാത്രക്കാരെ ഉൾപ്പെടെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

പലയിടത്തും ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഡ്രെയിനേജിന്റെ പണികൾക്ക് വാട്ടർ അതോറിട്ടിയും സ്മാർട്ട് റോഡ് പദ്ധതിക്ക് കേരള റോഡ് ഫണ്ട് ബോർഡുമാണ് (കെ.ആർ.എഫ്.ബി) മേൽനോട്ടം വഹിക്കുന്നത്.

സ്മാർട്ട് റോഡുകളുടെയും സെമി സ്മാർട്ട് റോഡുകളുടെയും പണി പുരോഗമിക്കുകയാണ്.

മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

സോജിൻ,അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ,കെ.ആർ.എഫ്.ബി