rupee

 സേവി മനോമാത്യു ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

 തട്ടിപ്പിനിരയായത് ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം : സർക്കാർ ഗ്യാരന്റിയുള്ള സ്ഥാപനത്തിന്റെ ചിട്ടിയിൽ ചേർത്ത ശേഷം ചിറ്റാളൻ അറിയാതെ പാസ്ബുക്ക് ലോണായി 35 ലക്ഷം രൂപ തട്ടിയെടുത്തു. ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ടി.സി. മാത്യുവാണ് മെർക്കിസ്റ്റൺ ഭൂമി തട്ടിപ്പ് കേസിൽ ഉൾപ്പെടെ പ്രതിസ്ഥാനത്തുള്ള സേവി മനോമാത്യുവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

സേവി മനോമാത്യു,​ സഹോദരി ജെസി ജോർജ്, തിരുവനന്തപുരം മണക്കാട്ടെ ധനകാര്യസ്ഥാപനത്തിലെ അന്നത്തെ മനേജർ എന്നിവർക്കെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു.

ആറു വർഷം മുമ്പ് നടന്ന തട്ടിപ്പിൽ, പണം തിരികെ നൽകാമെന്ന് പലവട്ടം അവധി പറഞ്ഞ സേവി മനോമാത്യു വാക്കുപാലിച്ചില്ല. തൊടുപുഴ സ്വദേശിയായ മാത്യു ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ മണക്കാട് താമസിച്ചിരുന്നു. സേവി മനോമാത്യുവുമായി അപ്പോഴാണ് സൗഹൃദത്തിലായത്. 2017 നവംബറിൽ സേവി മനോമാത്യു നിർബന്ധിച്ച് സ്ഥാപനത്തിന്റെ മണക്കാട് ബ്രാഞ്ചിലെ ചിട്ടിയിൽ ചേർത്തു. ഒരു കോടി രൂപയുടെ സബ്സ്റ്റിറ്റ്യൂഷൻ ചിട്ടിയായിരുന്നു. 47.51ലക്ഷം രൂപ അടച്ചാണ് മാത്യു 240-ാം നമ്പർ ചിറ്റാളനായത്. പിന്നാലെ മാത്യു അറിയാതെ പാസ്ബുക്ക് ലോണായി 35.59ലക്ഷം രൂപ എടുത്തു.

2018 മാർച്ച് 23ന് മാത്യു ചിട്ടി ലേലത്തിൽ പിടിച്ചു. തുക അക്കൗണ്ടിൽ നിക്ഷേപിക്കാനെത്തിയപ്പോഴാണ് തന്റെ പേരിൽ പാസ് ബുക്ക് ലോൺ എടുത്തത് മാത്യു അറിഞ്ഞത്. മാനേജരോട് ചോദിച്ചപ്പോൾ അപേക്ഷ നൽകിയിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. അപേക്ഷയിലെ ഒപ്പ് വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. സേവിയെ ചിട്ടിസ്ഥാപനം വിവരം അറിയിച്ചു. ഉടൻ പണം തിരികെ നൽകാമെന്നായിരുന്നു മാത്യുവിന് ഉറപ്പ് നൽകിയത്. പക്ഷേ പാലിച്ചില്ല. അടച്ച തുകയേക്കാൾ കുറവായതിനാൽ ലോണെടുക്കാൻ ജാമ്യം വേണ്ടിവന്നില്ലെന്നാണ് അധികൃതർ മാത്യുവിനോട് പറഞ്ഞത്.

പണം നൽകിയത് മറ്റൊരു അക്കൗണ്ടിൽ

ചിറ്റാളന്റെ പേരിലുള്ള അക്കൗണ്ടിൽ മാത്രമേ ലോൺ തുക നൽകാവൂയെന്നാണ് നിയമം. എന്നാൽ,​ സേവി മനോ മാത്യുവിന്റെ സഹോദരി ജെസി ജോർജിന്റെ അക്കൗണ്ടിലേക്കാണ് പണം നൽകിയത്. മാനേജർ തട്ടിപ്പിന് കൂട്ടുനിന്നെന്നാണ് പരാതി. സംഭവശേഷം ദീർഘകാലം ചിട്ടി കുടിശ്ശികയായതോടെ റവന്യു റിക്കവറി നടപടി തടങ്ങി. തുടർന്ന് മാത്യുവിന് ലോണെടുത്ത് ചിട്ടി അടച്ചു തീർക്കേണ്ടി വന്നു.