നാദാപുരം: ഹയർ സെക്കൻഡറി സ്കൂളിൽ പ്രാക്ടിക്കൽ പരീക്ഷ എഴുതുകയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ പരീക്ഷാ ഹാളിൽ വച്ച് കടന്നുപിടിച്ച് മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകന് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു. പ്രതി മേമുണ്ടയിലെ ലാലു അഞ്ചുപുരയിലി(45 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ ) ജഡ്ജ് എം. സുഹൈബ് ശിക്ഷിച്ചത്.
2023 ഫിബ്രവരി 22ാം തിയതി അഴിയൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കെ പരീക്ഷയുടെ ഇൻവിജിലേറ്ററായ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ മാത്തമാറ്റിക്സ് അദ്ധ്യാപകനായ പ്രതി വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച് അപമാനിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. ചോമ്പാല പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ശിവൻ ചോടോത്ത് (ഇപ്പോൾ നാദാപുരം കൺട്രോൾ റൂം സി.ഐ.) ആണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. സിവിൽ പൊലീസ് ഓഫീസർ പി.എം.ഷാനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.