
തിരുവനന്തപുരം: രാജ്യത്ത് ജാതിസെൻസസ് അനിവാര്യമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ.രാജു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സത്യഗ്രഹ ശതാബ്ദി ആഘോഷ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയെ മറികടക്കാൻ ജാതിസംബന്ധമായ വ്യക്തമായ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ആവശ്യമാണ്.
അയിത്തത്തിനെതിരെ വൈക്കം സത്യഗ്രഹം നടത്തി നൂറുവർഷം കഴിഞ്ഞപ്പോൾ ജാതി സെൻസൻസ് നടപ്പാക്കണമെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം മനുസ്മൃതിയിലെ ആശയങ്ങളെയാണ് വെല്ലുവിളിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അയിത്തത്തിനെതിരെ വൈക്കം സത്യഗ്രഹം നടക്കുന്നതിനിടയിലാണ് ഹെഗ്ഡെവർ ജാതിവ്യവസ്ഥ ഊട്ടിയുറപ്പിക്കാൻ രാഷ്ട്രീയ സ്വയം സേവക സംഘം ആരംഭിച്ചത്.
അയിത്തത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടങ്ങൾക്ക് വൈക്കം സത്യഗ്രഹം ചാലകശക്തിയായിരുന്നു. മഹാത്മഗാന്ധി രൂപീകരിച്ച ഹരിജൻ സേവക് സംഘത്തിന്റെ ആറു നേതാക്കൾ രാജ്യവ്യാപകമായി സഞ്ചരിച്ച് അയിത്തോച്ചാടനത്തിനും ദളിത് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേത്രപ്രവേശനത്തിനും വേണ്ടി പ്രവർത്തിച്ചു. പൊതുടാങ്കിൽ നിന്ന് വെള്ളം ഉപയോഗിക്കാൻ ഡോ ബി. ആർ അംബേദ്ക്കർ പ്രക്ഷോഭം നടത്തികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ കാലഘട്ടം സത്യവും അസത്യവും തമ്മിലുള്ള അതിർവരമ്പ് ഇല്ലാതാക്കി. അറിവിനെക്കാൾ പ്രധാനം വൈകാരിക വിഷയങ്ങൾക്കാണ്. യഥാർത്ഥ വിവരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കാലഘട്ടം കൂടിയാണിത്.
രാജ്യത്തിന്റെ ചരിത്രം, സാംസ്‌കാരിക വൈവിധ്യം എന്നിവയെല്ലാം തീവ്രവലതുപക്ഷ ഫാസിസ്റ്റ് ശക്തികളുടെ ആക്രമണം നേരിടുകയാണെന്നും കെ. രാജു പറഞ്ഞു.