
തിരുവനന്തപുരം: കൊടിയ ജാതി വിവേചനം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ ചരിത്ര കോൺഗ്രസിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ എടക്കാട് അമ്പലത്തിനു മുന്നിലൂടെ സവർണർ ഹോയ് ഹോയ് എന്നു വിളിച്ചു പോകുമ്പോൾ വഴിമാറി കൊടുക്കേണ്ടി വന്ന കുട്ടിക്കലം തനിക്കുണ്ട്. കൂട്ടുകാരനൊപ്പം അവന്റെ ഇല്ലത്തു പോയപ്പോൾ ഉമ്മറത്തുനിന്നാൽ മതിയെന്നു കാരണവർ പറഞ്ഞതു കേട്ട് തലതാഴ്ത്തി ഇറങ്ങിപ്പോന്നിട്ടുണ്ട്.
അയിത്തത്തിനെതിരെ നടന്ന ആദ്യത്തെ സംഘടിത സമരമാണ് വൈക്കം സത്യഗ്രഹം. ഐതിഹാസിക മുന്നേറ്റത്തിൽ ശ്രീനാരായണ ഗുരുദേവൻ, മന്നത്തുപത്മനാഭൻ തുടങ്ങിയ സാമൂഹിക പരിഷ്‌കർത്താക്കളുടെ ഇടപെടലും വിനോബ ഭാവെ, പെരിയോർ ഇ.വി രാമസ്വാമി നായ്ക്കർ തുടങ്ങിയ പ്രഗത്ഭരുടെ സജീവ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. ജുഡിഷ്യറിയിലും സർക്കാർ ജോലികളിലും മാദ്ധ്യമരംഗത്തും ഇന്നും ദളിത് പ്രാതിനിധ്യം കുറവാണ്. ജാതിഭേദവും മതദ്വേഷവും ശക്തിപ്രാപിക്കുന്നു. എം.എം. ഹസ്സൻ, എൻ.ശക്തൻ, ഷാനിമോൾ ഉസ്മാൻ, സുകുമാരൻ മൂലേക്കാട്, വി.പി.സജീന്ദ്രൻ, എം.ലിജു, ആലിപ്പറ്റ ജമീല എന്നിവർ പ്രസംഗിച്ചു