p

തിരുവനന്തപുരം: പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സർക്കാർ ചെലവിൽ സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പാക്കി. വീട് എത്ര ദൂരെയാണെങ്കിലും എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 9 മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, 50 താലൂക്ക് ആശുപത്രികൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സർക്കാർ ആശുപത്രികളിലാണ് പദ്ധതി യാഥാർത്ഥ്യമായത്. ജനനി ശിശുസുരക്ഷാ കാര്യക്രമിന്റെ ഭാഗമായി എൻ.എച്ച്.എം നടപ്പാക്കുന്ന പദ്ധതിയുടെ 60ശതമാനം കേന്ദ്രസർക്കാരും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. 2019 ഫെബ്രുവരി 23നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

മാതൃയാനം നടപ്പാക്കുന്നതിന് മുമ്പ് സർക്കാർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആവുമ്പോൾ യാത്രച്ചെലവായി 500രൂപയാണ് നൽകിയിരുന്നത്. എന്നാൽ ഇത് ദീർഘദൂര യാത്രയ്ക്ക് മതിയാകാത്തതിനാലാണ് പണം നൽകുന്നത് അവസാനിപ്പിച്ചത്. ഓരോ ആശുപത്രിക്കും സമീപത്തെ ടാക്സിക്കാരുമായി കരാർ അനുസരിച്ചാണ് പദ്ധതി നടത്തിപ്പ്.

ദൂരദേശത്തുനിന്ന് വരുന്ന പാവപ്പെട്ടവർക്കും കൂടെ ആരുമില്ലാത്തവർക്കും ഏറെ സഹായകമാവുന്നതാണ് പദ്ധതി.

മിക്ക സ്ഥലങ്ങളിലും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ജി.പി.എസ് സംവിധാനം ഉൾപ്പെടുത്തിയുള്ള മൊബൈൽ ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. ടാക്സി ഡ്രൈവർമാരുടെ വിവരങ്ങളെല്ലാം ആശുപത്രിയിലുണ്ടാകും. അമ്മയെയും കുഞ്ഞിനെയും വീട്ടിലെത്തിച്ച് തിരിച്ച് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുമ്പോഴാണ് ഡ്രൈവർക്ക് പണം നൽകുന്നത്.