ആറ്റിങ്ങൽ: ഫലം പ്രഖ്യാപിച്ചപ്പോൾ ഹൃദ്യാനാഥിന് കണ്ണീരടക്കാൻ കഴിഞ്ഞില്ല.തൊട്ടടുത്തുണ്ടായിരുന്ന അമ്മയെ കെട്ടിപ്പിടിച്ച് ഒറ്റക്കരച്ചിൽ. കഥകളി സംഗീതത്തിൽ എച്ച്.എസ് പെൺകുട്ടികളുടെ വിഭാഗത്തിലാണ് ആർ.വി.ഹൃദ്യാനാഥ് ഒന്നാമതെത്തിയത്. മാർഗിയിലാണ് കഥകളി സംഗീത പഠനം. കുളത്തുമ്മൽ ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഹൃദ്യാനാഥ് കാട്ടാക്കട വൃന്ദാവനിൽ വിജയശേഖറിന്റെയും രജിതാശേഖറിന്റെയും മകളാണ്.

യു.ട്യൂബ് ഗുരുവേ വന്ദനം

യുട്യൂബിൽ കഥകളി സംഗീതം കേട്ട് പഠിച്ച ആർ.ഡി.അഭിനവിന് എച്ച്.എസ് ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം.വെള്ളറട വി.പി.എം.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്.ശാസ്ത്രീയ സംഗീതം പഠിക്കുന്നതോടൊപ്പം കഥകളി സംഗീതം യുട്യൂബിൽ നിന്നാണ് പഠിച്ചത്. മലയിൻകീഴ് ചെറിയകൊല്ല രവീന്ദ്ര വിലാസത്തിൽ ദിവ്യയുടെയും രാജേഷിന്റെയും മകനാണ് അഭിനവ്.

ഇംഗ്ലീഷ് 'വാട്ടർ' സൂപ്പർ

യു.പി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റിൽ 'വാട്ടറി'ന് ഒന്നാം സ്ഥാനം.ആര്യനാട് കുളപ്പട അമലഗിരി ബഥനി സ്‌കൂളാണ് 'വാട്ടർ' സ്‌കിറ്റ് അവതരിപ്പിച്ചത്. സാമ്പത്തികലാഭത്തിനായി നീരുറവകൾ വറ്റുന്ന രീതിയിൽ വെള്ളമെടുത്തും വിഷമയമായ പാനീയങ്ങൾ നിർമ്മിച്ചും കാർഷിക ആവശ്യത്തിനുപോലും ഒരു തുള്ളി ജലം കിട്ടാത്ത ഭീകരാവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു വാട്ടർ. സാഷ, ആദിത്യ, നിള, അസ്ന, ദിയ, സാഞ്ചോ വിവേക് ലാൽ,അബിൻ എന്നിവരാണ് വാട്ടറിനെ രംഗത്ത് അവതരിപ്പിച്ചത്. അദ്ധ്യാപിക ലിഡ ബൻസി ശേഖറാണ് ആശയവും സംവിധാനവും നിർവ്വഹിച്ചത്.


ദാഹജലവുമായി പൊലീസ്

കലോത്സവത്തിനെത്തുന്നവർ ദാഹിച്ച് വലയേണ്ട.കേരള പൊലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും പ്രധാന വേദിക്ക് സമീപം തണ്ണീർപ്പന്തൽ ഒരുക്കിയിട്ടുണ്ട്. ചുക്കുവെള്ളവും ചുക്കുകാപ്പിയും നാരങ്ങാവെള്ളവും യഥേഷ്ടം. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ തണ്ണീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ.തങ്കമണി,ആറ്റിങ്ങൽ ഡിവൈ.എസ്.പി ടി.ജയകുമാർ, എസ്.എച്ച്.ഒ മുരളീകൃഷ്ണൻ, ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ജ്യോതിഷ് .ആർ.കെ, ജോയിന്റ് സെക്രട്ടറി ഷാ.എ, അസോസിയേഷൻ റൂറൽ ജില്ലാ പ്രസിഡന്റ് വിജു.ടി, സെക്രട്ടറി വിനു ജി.വി, വി.സുനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

അപ്പീലിന് സ്തുതി; റോമ നേടി ഒന്നാം സ്ഥാനം

അപ്പീലിലൂടെ ജില്ലാ മത്സര വേദിയിലെത്തിയ വർക്കല ഇടവ ലിറ്റിൽ ഫ്ളവർ ഇ.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥിനി റോമ രാജീവിന് മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം.വർക്കല ഉപജില്ല മത്സരത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ അപ്പീൽ നൽകുകയായിരുന്നു. ആറുവർഷമായി കരകുളം ബിജുവിന്റെ ശിക്ഷണത്തിലാണ് നൃത്തപഠനം. ഭരതനാട്യം കുച്ചുപ്പുടി എന്നിവയും പഠിക്കുന്നുണ്ട്. വർക്കല കരുനിലക്കോട് ഭാനു വിഹാറിൽ പ്രവാസിയായ രാജീവിന്റെയും റീബ രാജീവിന്റെയും മകളാണ്.