ആറ്റിങ്ങൽ: കലോത്സവദിനത്തിന്റെ തുടക്കത്തിൽത്തന്നെ അദ്ധ്യാപകർ തമ്മിൽ വാക്കേറ്റമുണ്ടായത് കല്ലുകടിയായി. രജിസ്‌ട്രേഷൻ കിറ്റ് നൽകണമെങ്കിൽ എ.ഇ.ഒമാർ പണം അടയ്ക്കണമെന്ന് രജിസ്‌ട്രേഷൻ കമ്മിറ്റി ശാഠ്യം പിടിച്ചതാണ് വാക്കേറ്റത്തിന് കാരണം. ഒരു കുട്ടിക്ക് 20 രൂപ വച്ച് എ.ഇ.ഒ മാർ അടയ്ക്കണം.ഈ തുക അടച്ചാൽ മാത്രം രജിസ്‌ട്രേഷൻ കിറ്റ് നൽകിയാൽ മതിയെന്നാണ് ഡി.ഡി ഓഫീസിൽ നിന്ന് നിർദ്ദേശം നൽകിയത്.പാർട്ടിസിപ്പേഷൻ കാർഡ്,രജിസ്‌ട്രേഷൻ സ്ലിപ്,ഫുഡ്കൂപ്പൺ അടയ്ക്കമുള്ളവയാണ് രജിസ്‌ട്രേഷൻ കിറ്റ്. പാർട്ടിസിപ്പന്റ് കാർഡില്ലാതെ വിദ്യാർത്ഥിക്ക് മത്സരിക്കാനുമാകില്ല. സബ് ജില്ലാ കൺവീനർമാർ ബഹളം വച്ചതോടെ ഡി.ഡി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.അതേസമയം ട്രോഫി,തുക തുടങ്ങിയവയുടെ നോഡ്യൂസ് സർട്ടിഫിക്കറ്റ് നൽകിയാലേ രജിസ്‌ട്രേഷൻ നൽകാനാകൂ എന്നത് കലോത്സവത്തിന്റെ നിയമമാണെന്നാണ് രിജസ്‌ട്രേഷൻ വിഭാഗം അറിയിച്ചത്.

തുന്നിക്കെട്ടി മത്സരത്തിന്

താടിയെല്ലിന് ആറു സ്റ്റിച്ചുണ്ട്.നല്ല വേദനയുമുണ്ട്. പക്ഷേ തിരുവാതിരയുടെ ഒരുസ്‌റ്റെപ്പുപോലും കാട്ടാക്കട നിയോ ഡെയിൽ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസുകാരി വൈഗ സുരേഷ് തെറ്റിച്ചില്ല. കഴിഞ്ഞ മാസം 29ന് സ്‌കൂളുവിട്ട് വീട്ടിലേക്ക് വരുമ്പോഴാണ് റോഡിലെ കല്ലിൽ തട്ടി വീണത്. രണ്ട് ദിവസം വീട്ടിൽ വിശ്രമിച്ചെങ്കിലും മൂന്നാം ദിനം മുതൽ പ്രാക്ടീസ് മുടക്കിയില്ല വൈഗ. മത്സരത്തിൽ പങ്കെടുക്കണമെന്ന വൈഗയുടെ വാശിക്ക് മുന്നിൽ രക്ഷിതാക്കളും അദ്ധ്യാപകരും തോറ്റു.

കഥയില്ലാതെ കഥകളി

കഥകളി വേദിയിൽ ആസ്വാദകർ ശുഷ്‌കം. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വേദി ആറിലാണ് കഥകളി,കഥകളി സംഗീതം എന്നിവ ഇന്നലെ അരങ്ങേറിയത്. മത്സരാർത്ഥികളും അവരുടെ രക്ഷിതാക്കളും അനുഗമിച്ച അദ്ധ്യാപകരും മാത്രമാണ് സദസിലുണ്ടായിരുന്നത്. മത്സരാർത്ഥികളും കുറവായിരുന്നു.എച്ച്.എസ് ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടുപേരും,പെൺകുട്ടികളുടെ വിഭാഗത്തിൽ ആറുപേരും ഹയർ സെക്കൻഡറി ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നുപേരുമാണ് മത്സരിക്കാനുണ്ടായിരുന്നത്.