photo

നെടുമങ്ങാട് : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പാർക്കിംഗ് ഫീസിൽ ഇരട്ടി വർദ്ധന. പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ടൂവീലറുകൾക്കും ത്രീവീലറുകൾക്കും 10 ഉം ഫോർ വീലറിന് 15 ഉം രൂപയാണ് പുതിയ നിരക്ക്. നേരത്തെ,ഇത് യഥാക്രമം 5 ഉം 10 ഉം രൂപ വീതമായിരുന്നു. പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചതിലൂടെ എച്ച്.എം.സിക്ക് അഞ്ചര ലക്ഷം രൂപ പ്രതിവർഷം അധികമായി ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഓരോ മാസവും 45,000 രൂപ ഒടുക്കണമെന്നാണ് പുതുക്കിയ കരാറിൽ പറയുന്നത്. കഴിഞ്ഞ ആഴ്ചയാണ് പാർക്കിംഗ് ഫീസ് ലേലം സ്വകാര്യ വ്യക്തിയുമായി എച്ച്.എം.സി ഉറപ്പിച്ചത്.പുതിയ നിരക്ക് വിവരം സംബന്ധിച്ച സൂപ്രണ്ടിന്റെ അറിയിപ്പ് ഇന്നലെ ഉച്ചയോടെ ആശുപത്രിവളപ്പിൽ പ്രദർശിപ്പിച്ചു. നിരക്ക് വർദ്ധിപ്പിച്ചതിലൂടെ അനധികൃത പാർക്കിംഗ് തടയാനാവുമെന്നും പാർക്കിംഗ് യാർഡ് നിർമ്മിക്കാൻ തുക കണ്ടെത്താനാവുമെന്നും സൂപ്രണ്ട് ഡോ.രേഖ 'കേരളകൗമുദി'യോട് പറഞ്ഞു.എന്നാൽ, രോഗികളെയും സന്ദർശകരെയും പിഴിയുന്ന നടപടി അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസും ബി.ജെ.പിയും പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഹാഷിം റഷീദും ബി.ജെ.പി നേതാവ് കുറക്കോട് ബിനുവും ഇതുസംബന്ധിച്ച് സൂപ്രണ്ടിന് നിവേദനം നൽകി.