ആറ്റിങ്ങൽ:വലത്കാലൊടിഞ്ഞ് പ്ലാസ്​റ്ററിട്ടിരിക്കുന്നു.തറയിൽ ചവിട്ടിയാൽ അസഹനീയ വേദനയാണ്.തിരുവാതിരപ്പാട്ട് നിന്നു തന്നെ പാടണം. ഒമ്പതാം ക്ലാസുകാരി തീർത്ഥ വേദന സഹിച്ച് പാടി' 'അമ്പാടി ഗുണം വർണിച്ചീടുവാൻ.... , മംഗളം പാടി നിർത്തിയപ്പോൾ കൂട്ടുകാരും അദ്ധ്യാപകരും ചേർന്ന് വേദിക്ക് പുറത്തെത്തിച്ചു. വേദന സഹിച്ചതിന് ഫലമുണ്ടായി.ഹൈസ്‌കൂൾ വിഭാഗം തിരുവാതിരയിൽ നെടുമങ്ങാട് ദർശനയുടെ ടീമിന് ഒന്നാം സ്ഥാനം.പിന്നെ ഒട്ടും വൈകിയില്ല. തീർത്ഥയെ കൂട്ടുകാർ എടുത്ത് പൊക്കി വിജയം ആഘോഷിച്ചു.ഒരാഴ്ചമുമ്പാണ് സ്‌കൂളിലെ പടിക്കെട്ടിൽ കാൽ വഴുതി വീണത്.പാദത്തിലാണ് പൊട്ടൽ.സംസ്ഥാന മത്സരത്തിന് മുന്നേ ഒടിവ് ഭേദമാകുമെന്ന പ്രതീക്ഷയിലാണ് തീർത്ഥ.

തിരുവാതിരയിലെ മങ്കമാർ കുഴഞ്ഞ് വീണു


ഹയർസെക്കൻഡറി വിഭാഗം തിരുവാതിര മത്സരത്തിൽ കുഴഞ്ഞുവീണത് 15 ൽ അധികം മത്സരാർത്ഥികൾ. ആറുമണിയോടെയാണ് മത്സരം ആരംഭിച്ചത്. മത്സരം കഴിഞ്ഞ് പുറത്തെത്തിയ ഉടനെ കുട്ടികൾ കുഴഞ്ഞു വീണു. ചിലർ വേദിയിൽ തന്നെ ഛർദ്ദിച്ചു. മത്സരത്തിന് ഒരുങ്ങിനിന്ന വിദ്യാർത്ഥിനിയും കുഴഞ്ഞുവീണു. കുഴഞ്ഞു വീണവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വലിയകുന്ന് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.