
തിരുവനന്തപുരം:പൂർണചന്ദ്രൻ ഭൂമിയിൽ ഇറങ്ങി വന്ന 'മ്യൂസിയം ഒഫ് ദി മൂൺ' എന്ന വിസ്‌മയം കാണികൾക്ക് ആവേശമായി. ബ്രിട്ടീഷ് കലാകാരനായ ലൂക്ക് ജെറാം കനകക്കുന്നിൽ ഒരുക്കിയ പൂർണചന്ദ്രന്റെ ഏഴ് മീറ്ററോളം വ്യാസമുള്ള ഇൻസ്റ്റലേഷൻ കാണാൻ ആയിരങ്ങളാണ് തടിച്ചുകൂടിയത്. വൈകിട്ട് 6.30യോടെ ചുറ്റുമുള്ള ലൈറ്റുകൾ ഡിം ചെയ്ത് ചന്ദ്രന്റെ ഉള്ളിൽ മാത്രം ലൈറ്റ് പ്രകാശിപ്പിച്ചു. ഇതോടെ ചന്ദ്രൻ ഒരൊറ്റ ആകർഷണ ബിന്ദുവായി.
നാസയുടെ ലൂണാർ റെക്കണൈസർ ഓർബിറ്റർ പകർത്തിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഉപരിതലം നിർമ്മിച്ചത്. ഉപരിതലത്തിലെ ഗർത്തങ്ങളും താഴ്വരകളും അതേപടി കാണാം. ഭൂമിയിൽ നിന്ന് കാണാനാവാത്ത ചന്ദ്രന്റെ മറുവശവും കാണാനാവും. ശില്പത്തിന്റെ ഓരോ സെന്റീമീറ്ററും ചന്ദ്രോപരിതലത്തിന്റെ അഞ്ചുകിലോമീറ്ററാണ്.
ബാഫ്റ്റ അവാർഡ് ലഭിച്ച സംഗീതജ്ഞൻ ഡാൻ ജോൺസ് ചിട്ടപ്പെടുത്തിയ സംഗീതം പശ്ചാത്തലമായി.
നാല്പത് കിലോ ഭാരവും പത്തടിയോളം ഉയരവുമുള്ള ഇൻസ്റ്റലേഷന്റെ ഉള്ളിൽ ഹീലിയം വാതകമാണ് നിറച്ചത്. വലിയൊരു ക്രെയിനിൽ വടം കെട്ടിയാണ് ഇൻസ്റ്റലേഷൻ നിറുത്തിയത്.
കെ.എസ്.സി.എസ്.ടി.ഇ, ശാസ്ത്രസാങ്കേതിക വകുപ്പ്, അമ്യൂസിയം ആർട്ട് സയൻസ് എന്നിവരാണ് സയൻസ് ഫെസ്റ്റിന് നേതൃത്വം നൽകുന്നത്. 24 ജനുവരി മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന സയൻസ് ഫെസ്റ്റിവലിൽ പൂർണചന്ദ്രൻ സ്ഥിരം പ്രദർശന വസ്തുവാണ്. മന്ത്രി കെ.എൻ.ബാലഗോപാൽ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.