ആറ്റിങ്ങൽ: ജില്ലാ കലോത്സവത്തിന്റെ 71 പോയിന്റുമായാണ് തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ മുന്നേറ്റം. 153 പോയിന്റുമായി കിളിമാനൂർ ഉപജില്ലയാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 143 പോയിന്റു വീതം സ്വന്തമാക്കിയ ആറ്റിങ്ങൽ ഉപജില്ലയും തിരുവനന്തപുരം നോർത്ത് ഉപജില്ലയും മൂന്നാം സ്ഥാനത്താണ്. 45 ഇനങ്ങളിലെ മത്സരഫലം പ്രഖ്യാപിച്ചപ്പോഴാണ് ഈ നില.
സ്‌കൂളുകളുടെ വിഭാഗത്തിൽ 56 പോയിന്റുകൾ സ്വന്തമാക്കിയ കിളിമാനൂർ,കടുവയിൽ കെ.ടി.സി.ടി ഇ.എം.എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്.41 പോയിന്റുമായി വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തും 36 പോയിന്റുമായി നെയ്യാറ്റിൻകര ഗവൺമെന്റ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലാ കലോത്സവത്തിന് ആറ്റിങ്ങൽ ആതിഥേയത്വം വഹിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ. തങ്കമണി പതാക ഉയർത്തിയതോടെ കലോത്സവത്തിനു തുടക്കമായി. തുടർന്ന് ആറ്റിങ്ങൽ ബോയിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയിൽ ഒ.എസ്.അംബിക എം.എൽ.എ കലാത്സവവിളക്കിന് ദീപം തെളിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർ പേഴ്സൺ എസ്.കുമാരി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജല ബീഗം, നഗരസഭ വൈസ് പ്രസിഡന്റ് തുളസീധരൻ പിളള, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഗരിജ,നജാം, രമ്യസുധീർ,അവനവൻചേരി രാജു തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം പതിന്നാല് വേദികളിലായി കലാമത്സരങ്ങളും രചനാ മത്സരങ്ങളും ആരംഭിച്ചു. ലളിതഗാനവും മാപ്പിളപ്പാട്ടും നടന്ന വേദികളിൽ ജനം നിറഞ്ഞു. സ്പീക്കർ എ.എൻ.ഷംസീറിനെയാണ് ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നതെങ്കിലും എത്തിയില്ല. എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, സി.കെ.ഹരീന്ദ്രൻ,കെ.ആൻസലൻ തുടങ്ങിയവരെ ക്ഷണിച്ചെങ്കിലും അവരും പങ്കെടുത്തില്ല. തിരുവാതിര വേദിയിൽ മത്സരാർത്ഥികൾ കൂട്ടത്തോടെ കുഴഞ്ഞുവീണു. വേദിയിലെ വായുസഞ്ചാരത്തിന്റെ കുറവാണ് വിദ്യാർത്ഥികളെ തളർത്തിയതെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ആരോപിച്ചു.