തിരുവനന്തപുരം: 'ഈ പരിപാടി കഴിഞ്ഞാൽ അങ്കിൾ അമ്പിളി മാമനെ ആകാശത്ത് തന്നെ തിരിച്ചുവയ്ക്കുമോ...? 'മ്യൂസിയം ഒഫ് ദി മൂൺ' പരിപാടി കാണാൻ കനക്കകുന്നിലെത്തിയ കൊച്ചുമിടുക്കി ഇൻസ്റ്റലേഷൻ നിർമ്മിച്ച ബ്രിട്ടീഷ് കലാകാരൻ ലൂക്ക് ജെറാമിനോട് ചോദിച്ചു.
കനകക്കുന്ന് കൊട്ടാര പരിസരം ചന്ദ്രികയിൽ അലിഞ്ഞ രാത്രിയായിരുന്നു ഇന്നലെ. ഗ്ലോബൽ സയൻസ് ഫെസ്റ്റിന്റെ ഭാഗമായാണ് ചന്ദ്രന്റെ കൂറ്റൻ ഇൻസ്റ്റലേഷൻ ഒരുക്കിയത്. ചന്ദ്രനെ 'ഭൂമിയിൽ' കാണാൻ വൈകിട്ട് 6.30 മുതൽ ജനങ്ങൾ കനകക്കുന്നിലേയ്ക്ക് ഒഴുകിയെത്തി. കുട്ടികൾ മുതൽ പ്രായമായവർ വരെ ചന്ദ്രനെ ക്യാമറയിൽ ഒപ്പിയെടുത്തു. സന്ധ്യ മയങ്ങിയതോടെ നാലുചുറ്റും തടിച്ചുകൂടിയവർക്ക് മുന്നിൽ ചന്ദ്രൻ ഒരൊറ്റ ആകർഷണ ബിന്ദുവായി. 40 കിലോയുള്ള ഇൻസ്റ്റലേഷന്റെ വിവിധ ഭാഗങ്ങൾ ഇന്നലെ ഉച്ചയോടെ കൂട്ടിച്ചേർക്കുകയായിരുന്നു. റോഡിലൂടെ പോയവർ മരച്ചില്ലകൾക്കിടയിലൂടെ ചന്ദ്രനെ എത്തിനോക്കി. അർദ്ധരാത്രിയിലും തിരക്ക് തുടർന്നതോടെ കാഴ്ചക്കാരെ നിയന്ത്രിക്കാൻ സംഘാടകരും ബുദ്ധിമുട്ടി. എൽ.എം.എസ് ജംഗ്ഷൻ മുതൽ വെള്ളയമ്പലം വരെ റോഡിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടു.
തത്സമയ സംഗീതാവതരണവും ചാന്ദ്രമിത്തുകളെപ്പറ്റിയുള്ള ചർച്ചകളും കാവ്യാലാപനങ്ങളും നടന്നു. രാത്രികാല ഫോട്ടോഗ്രഫിയുമായി ദി ഡൈയിംഗ് ആർട് കളക്ടീവും രാവിനെ സജീവമാക്കി. കാണികൾക്കായി സെൽഫി മത്സരവും സംഘടിപ്പിച്ചു. പുലർച്ചെ നാലുവരെ പ്രദർശനം നീണ്ടു. 2024 ജനുവരി 24 മുതൽ ഫെബ്രുവരി 15 വരെ തോന്നയ്‌ക്കൽ ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഇത് സ്ഥിരം പ്രദർശനവസ്തുവാണ്.
ശാസ്ത്ര മേഖലയ്ക്ക് മുതൽകൂട്ട്
ഇത്തരം പ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക മേഖലയ്ക്ക് മുതൽകൂട്ടാണെന്ന് പ്രദർശനം ഓൺലൈനായി ഉദ്ഘാടനം ചെയ്‌ത മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ, ജി.എസ്.എഫ്.കെ സയൻസ് കൺവീനർ വൈശാഖൻ തമ്പി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.കെ.പി.സുധീർ, ഫെസ്റ്റിവൽ ഡയറക്ടർ അജിത്ത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.