um

ആറ്റിങ്ങൽ: പുതുയുഗത്തിന്റെ പ്രതീക്ഷകളും സാദ്ധ്യതകളും തേടുന്ന ആത്മാവുള്ള ഇന്ത്യയെ വാക്കുകളിൽ വരച്ചിട്ട ഉമയ്ക്ക് ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും. ജില്ലാ കലോത്സവത്തിൽ ഒരിനത്തിൽ മാത്രം മത്സരിക്കാനാണ് കോട്ടൺഹിൽ ഗവൺമെന്റ് ജി.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഉമയെത്തിയത്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെയും അഭിഭാഷകയായ എം.നമിതയുടെയും മകളായ ഉമ യൂട്യൂബ് പ്രേക്ഷകർക്ക് 'ഉമക്കുട്ടിയാണ്'. ഉമക്കുട്ടി എന്ന യുട്യൂബ് ചാനലിന് നിലവിൽ രണ്ടു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സ് ഉണ്ട്.പ്രസംഗം കഴിഞ്ഞാൽ ഉമയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഡബ്ബിംഗാണ്. വനിത ശിശുവികസന വകുപ്പിന്റേതടക്കം കുട്ടികൾക്കായുള്ള നിരവധി ആനിമേഷൻ ചിത്രങ്ങൾക്ക് ഈ കൊച്ചുമിടുക്കി ഇതിനോടകം ശബ്ദം നൽകിയിട്ടുണ്ട്. ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടിയുടെ ആങ്കറായും ഉമ വേദിയിലെത്തി.യൂണിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ എന്ന പദവിയും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്.