തിരുവനന്തപുരം: കനക്കകുന്നിൽ മ്യൂസിയം ഒഫ് ദി മൂൺ ഇൻസ്റ്റലേഷൻ ഒരുക്കിയ ബ്രിട്ടീഷ് കലാകാരൻ ലൂക്ക് ജെറാം കേരളകൗമുദിയോട് സംസാരിക്കുന്നു.
ചന്ദ്രനോടുള്ള പ്രിയം
പലരും പലരീതിയിലാണ് ചന്ദ്രനെ നോക്കിക്കാണുന്നത്. പ്രണയം,കവിത,മതം,ഐതീഹ്യങ്ങൾ,സംഗീതം അങ്ങനെ നീളുന്നു ചന്ദ്രനോടുള്ള അടുപ്പം. എനിക്ക് കുഞ്ഞുനാൾ മുതൽ ചന്ദ്രൻ ഒരു അദ്ഭുതമാണ്. ഇന്ന് മ്യൂസിയം ഒഫ് ദി മൂൺ 300 പ്രദർശനങ്ങൾ പിന്നിട്ടു. എങ്കിലും പണ്ടത്തെ അതേ കൗതുകം ഇപ്പോഴുമുണ്ട്.
20 വർഷത്തെ പ്രയത്നം
പണ്ടുമുതൽ വലിയ ഇൻസ്റ്റലേഷനുകൾ നിർമ്മിക്കുന്നത് സ്വപ്നമാണ്. എന്നാൽ തുടങ്ങിയ കാലത്ത് സാങ്കേതികവിദ്യ അത്ര വളർന്നിട്ടില്ലായിരുന്നു. 20 വർഷമെടുത്തു പൂർത്തിയാക്കാൻ. ഇത്തരം പരീക്ഷണങ്ങൾ കലാകാരന്മാരുടെ ജീവിതത്തിൽ സ്വാഭാവികമാണ്. ക്ഷമയോടെ കാത്തിരിക്കണം.
തോൽവിയിൽ നിന്ന് പാഠം
ആദ്യ പ്രദർശനം പരാജയമായിരുന്നു. ഞാൻ നിർമ്മിച്ച ചന്ദ്രൻ അന്ന് ലൈവ് ടെലിവിഷൻ സ്ക്രീനിംഗിനിടയിൽ പൊട്ടിത്തെറിച്ചു. അന്ന് ദുഃഖം തോന്നി. തോൽവിയിൽ നിന്ന് കൂടുതൽ പാഠങ്ങൾ പഠിച്ചു. ഇതോടെ 2022ൽ മാത്രം 25 രാജ്യങ്ങളിൽ 104 പ്രദർശനങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി
ശാസ്ത്രവും കലയും ചേരുന്നുണ്ടല്ലോ ഇവിടെ
രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. കലാകാരൻ സൗന്ദര്യമാവും കാണുന്നത്. കാഴ്ചപ്പാടുകൾ
വ്യത്യസ്തമാണെങ്കിലും ചന്ദ്രൻ എന്ന യാഥാർത്ഥ്യം ഒന്നാണല്ലോ.
കേരളത്തെക്കുറിച്ച്
കേരളത്തിൽ ആദ്യമായാണ് പ്രദർശനം. ഇവിടുത്തെ ഭക്ഷണവും മനുഷ്യരുമാണ് എന്നെ ഏറ്റവും ആകർഷിച്ചത്.
പുതിയ കാര്യങ്ങൾ പഠിക്കാൻ കേരളീയർക്ക് പ്രത്യേക ആഭിമുഖ്യമുണ്ട്. ഇനിയും വരണമെന്നാണ് മോഹം.