തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയോട് പ്രതി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് അഭിഭാഷകർ പ്രതിയെ മർദ്ദിച്ചു.

വഞ്ചിയൂർ അഡിഷണൽ ജില്ലാ കോടതി ഏഴിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മൂന്നു കിലോ ഹാഷിഷ് ഓയിൽ, 101 കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ച സംഭവത്തിലെ രണ്ടാം പ്രതി പത്തനംതിട്ട കോന്നി കുമ്മണ്ണൂർ സ്വദേശി നിയാസാണ് (28) വനിതാ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് അഭിഭാഷക ജഡ്ജിക്ക് പരാതി നൽകുകയും ജഡ്ജി വഞ്ചിയൂർ എസ്.എച്ച്.ഒയ്ക്ക് പരാതി കൈമാറുകയുമായിരുന്നു. തുടർന്ന് കോടതിക്ക് പുറത്ത് തടിച്ചുകൂടിയ അഭിഭാഷകർ പുറത്തിറങ്ങിയ പ്രതിയെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിക്ക് പരാതി ഇല്ലാത്തതിനാൽ കഞ്ചാവ് കേസിൽ റിമാൻഡ് ചെയ്തു.