തിരുവനന്തപുരം: ബിസിനസുകാരനാണെന്ന്‌ ഫോണിൽ പരിചയപ്പെടുത്തി നഗരത്തിലെ പ്രമുഖ ജുവലറിയിൽ നിന്ന് സ്വർണ ബിസ്കറ്റുകൾ ഓഡർ ചെയ്‌ത്‌ തട്ടിയെടുത്തതായി പരാതി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ജുവലറിയിലേക്ക്‌ വിളിച്ച്‌ 30 ഗ്രാമുള്ള മൂന്ന് സ്വർണ ബിസ്കറ്റുകൾ ഓർഡർ ചെയ്‌ത്‌ ഹോട്ടലിലേക്ക്‌ വരുത്തുകയായിരുന്നു. ജുവലറി മാനേജർ ബിസ്കറ്റുമായി എത്തുമ്പോൾ റിസപ്ഷനിൽ പ്രൈവറ്റ് സെക്രട്ടറി നിൽക്കുമെന്നും അദ്ദേഹത്തോടൊപ്പം മുറിയിലേക്ക് എത്തണമെന്നുമായിരുന്നു നിർദ്ദേശം. റിസപ്ഷനിൽ മാനേജറെ കാത്തുനിന്ന്‌ സ്വർണമെത്തിക്കാൻ വൈകിയതിൽ മാനേജറോട് തട്ടിക്കയറുകയും തുടർന്ന്‌ ഹോട്ടലിന് സമീപത്തെ റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി സ്വർണബിസ്കറ്റ് വാങ്ങുകയുമായിരുന്നു. മുതലാളി ഓൺലൈൻ മീറ്റിംഗിന് കയറിയെന്നും താൻ മുറിയിലെത്തി സ്വർണം കാണിച്ചിട്ട് വരാമെന്നും പറഞ്ഞ് ഇയാൾ മുങ്ങി. സ്വർണവുമായി പോയ ആൾ തിരികെ വരാത്തതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്‌. സി.സി ടിവി പരിശോധയിൽ ഇയാൾ സ്വർണവുമായി മറ്റൊരു വാതിലിലൂടെ രക്ഷപ്പെടുന്നതായി കണ്ടെത്തി. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.