f

ലോകത്തെ എല്ലാ യുദ്ധങ്ങൾക്കും അവസാന ദിനം എന്നൊന്ന് ഉണ്ടെങ്കിലും, പശ്ചിമേഷ്യയിലെ,​ ചോര കൊണ്ടുള്ള കണക്കുതീർക്കലുകൾക്ക് ഇടവേളകൾ മാത്രമേയുള്ളൂ! രണ്ടു മാസങ്ങൾക്കു മുൻപ്,​ ഒക്ടോബർഏഴിന് ഇസ്രയേലിനകത്തു കയറി ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 1200 ഇസ്രയേലികളാണ്. പ്രത്യാക്രമണങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. മരണസംഖ്യ പതിനയ്യായിരം കടന്നിരിക്കുന്നു.

ഇസ്രയേൽ താത്‌കാലിക വെടിനിറുത്തൽ വെടിഞ്ഞ് ആക്രമണം രൂക്ഷമാക്കിയിരിക്കുന്നു. ഗാസയിലെ പകുതിയിലധികം കെട്ടിടങ്ങളും തകർക്കപ്പെട്ടുകഴിഞ്ഞു. ആകെയുള്ള ഇരുപതുലക്ഷത്തിൽ,​ പതിമൂന്നുലക്ഷം ജനങ്ങളും അഭയാർത്ഥികളായി അലയുന്നു. ലോകത്തിന് ഇത് മുഖ്യവാർത്തയിൽ നിന്നു മാറി, മരണസംഖ്യകളുടെ കണക്കിൽ ഒതുങ്ങിയിരിക്കുന്നു. അറുപതു ദിനങ്ങളുടെ കണക്കെടുക്കുമ്പോൾ വിജയിച്ചതാര്,​ പരിഹാരം എങ്ങനെ തുടങ്ങിയ ഇരുണ്ട ചോദ്യങ്ങൾ ബാക്കിയാകുന്നു.

വിജയമോ

തോൽവിയോ?

സൈനികമായി വൻ വിജയമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ദുർബലരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കാൻ അവർക്കായി. നിരവധി ഹമാസ് നേതാക്കളെ വധിച്ചു, രഹസ്യ തുരങ്കങ്ങൾ തകർത്തു. പക്ഷേ കൊല്ലപ്പെട്ടതിലധികവും കുട്ടികളും സ്‌ത്രീകളും സാധാരണക്കാരുമായിരുന്നു എന്ന നഗ്‌നസത്യം അവശേഷിക്കുന്നു. ഭരണത്തിൽ നിന്ന് പുറത്തേക്ക് വഴി തുറന്നിരുന്ന സമയത്താണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഒക്ടോബർ ഏഴിനെ നേരിടേണ്ടിവന്നത്. ഇസ്രയേൽ സുരക്ഷാ സംവിധാനത്തിനും മൊസാദ് എന്ന ആഗോള ചാരസംഘടനയ്ക്കുമേറ്റ അടിയായിരുന്നു ഹമാസ് ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും. അതുകൊണ്ടുതന്നെ വലിയ അവസരമാണ് ഇസ്രയേലി ഭരണകൂടത്തിന് തുറന്നുകിട്ടിയത്.

ആദ്യം റോക്കറ്റുകളായും പിന്നീട് കരയുദ്ധത്തിനാലും ഗാസയെ ഇസ്രയേൽ സൈന്യം ഞെരിഞ്ഞുമുറുക്കി. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഏതൊരു രാഷ്ട്രത്തിനുമുണ്ട് എന്നിരിക്കിലും ഇസ്രയേലി ആക്രമണങ്ങൾ നിലവിലെ അന്താരാഷ്ട്ര ഉടമ്പടികളെയും മനുഷ്യാവകാശ നിയമങ്ങളെയും കാറ്റിൽപ്പറത്തിയായിരുന്നു. അമേരിക്ക അടങ്ങുന്ന രാഷ്ട്രങ്ങൾ പോലും പല ഘട്ടങ്ങളിലും ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതുകൊണ്ടൊന്നും നെതന്യാഹുവിന്റെ സ്ഥാനം ഉറപ്പിക്കുക എളുപ്പമാകില്ലെന്നാണ് 1973-ലെ യോം കിപ്പുർ യുദ്ധത്തിനു ശേഷം സ്ഥാനമൊഴിയേണ്ടിവന്ന ഗോർഡാ മേയറുടെ അനുഭവം ഓർമ്മിപ്പിക്കുന്നത്.

ഈ ഹമാസ് ആക്രമണത്തിന്റെ ഫലമായി ഇസ്രയേലി രാജ്യത്തിനകത്ത് കൂടുതൽ തീവ്ര വിഭാഗങ്ങൾക്ക് മുൻതൂക്കം കിട്ടുന്നു. പാലസ്തീൻ അനുഭാവ, ലിബറൽ, ഇടതുപക്ഷ, മനുഷ്യാവകാശ വിഭാഗങ്ങൾ മുഖ്യധാരയിൽ പ്രസക്തിയില്ലാതായിത്തീരുന്നു. ജനത കൂടുതൽ അരക്ഷിതരാവുന്നു, ഭരണകൂടം ഇതു മുതലെടുത്ത് ന്യൂനപക്ഷങ്ങളെ സുരക്ഷിതത്വത്തിന്റെ പേരിൽ കൂടുതൽ വേട്ടയാടും എന്നതിലും സംശയമില്ല.

ശക്തിപ്പെടുന്ന

ഹമാസ്

പാലസ്തീൻ ഭാഗമെടുത്താൽ സൈനികമായും സാമ്പത്തികമായും വൻ നാശം സംഭവിച്ചെങ്കിലും ഹമാസിനെ സംബന്ധിച്ച് ഇതു വിജയമാണെന്നാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്. ലോകം പാലസ്‌തീനെ മറന്നുപോകും, അപ്പോൾ ലോകത്തെ ഓർമ്മിപ്പിക്കാനുള്ള വഴികൾ പലതാണ്. അത്, മുമ്പ് ഇൻതിഫാദ എന്ന പേരിലുള്ള പ്രതിഷേധങ്ങളായിരുന്നെങ്കിൽ ഇത്തവണ അതിർത്തി കടന്നുള്ള ക്രൂരമായ ആക്രമണങ്ങളായിരുന്നു. പാലസ്‌തീൻ പ്രശ്നത്തിന്റെ മുൻനിര പിന്തുണക്കാരായിരുന്ന അറബ് രാജ്യങ്ങൾ പിറകിലേക്കു പോയ സമയത്തായിരുന്നു ഈ സംഭവം.

ക്യാംപ് ഡേവിഡ് കരാർ വഴി ഈജിപ്‌തും തുടർന്ന് ജോർദാനും, അബ്രഹാം ഉടമ്പടി വഴി മറ്റു പ്രമുഖ അറബ് രാജ്യങ്ങളും എന്തിന് സൗദിഅറേബ്യ പോലും ഇസ്രയേലുമായി അടുക്കുമ്പോഴാണ് പാലസ്‌തീൻ പ്രശ്നം വീണ്ടും മേഖലയിലെ മുഖ്യ അജണ്ടയായി ഇപ്പോൾ മാറിയിരിക്കുന്നത്. മേഖലയിലെ രാജാക്കന്മാരെ ഇത് വലുതായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും വലിയ രീതിയിലുള്ള അറബ് പൊതുജന പിന്തുണ പാലസ്‌തീൻ ജനതയ്ക്ക് ആർജ്ജിക്കാനായി. ഗാസയിലെ സംഭവങ്ങൾ വെസ്റ്റ് ബാങ്കിലുള്ള മെഹമ്മൂദ് അബ്ബാസിന്റെ പാലസ്‌തീൻ അതോറിട്ടിയുടെ കഴിവില്ലായ്മ പുറത്തുകൊണ്ടുവന്നു. ഹമാസ് അവിടെയും വലിയ ശക്തിയായി മാറിക്കഴിഞ്ഞു എന്നു വേണം അവിടെ നടക്കുന്ന സംഘർഷങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ. ഹമാസിന്റെ ഈ ശക്തിപ്പെടൽ പ്രദേശത്ത് സമാധാനമാണോ കൊണ്ടുവരാൻ പോകുന്നത് എന്നത് മറ്റൊരു ചോദ്യമാണ്.

ദ്വിരാഷ്ട്ര

രൂപീകരണം

ഇന്ത്യ ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ ആവശ്യപ്പെടുന്നത് പാലസ്‌തീൻ എന്ന രാഷ്ട്രത്തിന്റെ രൂപീകരണമാണ്. 1948-ൽ തന്നെ ഐക്യരാഷ്ട്ര സംഘടന ഈ ആശയം മുന്നോട്ടുവച്ചതാണ്. യു.എൻ പദ്ധതി പ്രകാരം ജൂതർക്കായി ഇസ്രയേലി രാഷ്ട്രവും, അറബികൾക്കായി പാലസ്‌തീനും. അബ്രഹാമിക്ക്,​ മതങ്ങൾക്കെല്ലാം പ്രാധാന്യമുള്ള ജെറുസലെം ഒരു അന്താരാഷ്ട്ര പ്രദേശമായി നിലനിറുത്തുക. ഇത് പരാജയപ്പെടുകയും ജൂതന്മാർ രാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്ന് 1948, 1967, 1973 എന്നീ യുദ്ധങ്ങളിലെ വിജയങ്ങളിലൂടെ പൂർണമായും എല്ലാ പ്രദേശങ്ങളും ഇസ്രയേലി ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുന്നു. പാലസ്തീനിയൻ വംശജർ ഗാസ മുനമ്പ്, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നീ സ്ഥലങ്ങളിൽ ഒതുക്കപ്പെടുന്നു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ സംഭവിച്ച ഓസ്‌ലോ കരാറുകളിലൂടെ പാലസ്തീൻ രാഷ്ട്ര രൂപീകരണത്തിനുള്ള വഴി തെളിഞ്ഞു വന്നതായിരുന്നു. 2005-ൽ ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ പിന്മാറുന്നു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിലൂടെ ഹമാസ് അധികാരം പിടിക്കുന്നു. വെസ്റ്റ് ബാങ്കിൽ പാലസ്‌തീനിയൻ അതോറിട്ടി എന്ന ഭരണ സംവിധാനം പരിമിതമായ അധികാരങ്ങളോടെ ഭരണത്തിന്റെ ഭാഗമായി പ്രവർത്തിച്ചുപോരുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു പാലസ്‌തീൻ രാഷ്ട്ര രൂപീകരണം സാദ്ധ്യമാവുമോ?

അതിർത്തി

എവിടെ?

ഗാസയും വെസ്റ്റ് ബാങ്കും കൂടിയ ഒരു പാലസ്‌തീനിയൻ രാഷ്ട്രത്തിനുള്ള ഒരു പ്രധാന തടസം ഇവ ഭൂമിശാസ്‌ത്രപരമായി വ്യത്യസ്ത മേഖലകളിലാണ് സ്ഥിതിചെയ്യുന്നത് എന്നതാണ്. ഗാസയിലെ ഹമാസും വെസ്റ്റ് ബാങ്കിലെ മെഹബൂബ അബ്ബാസിന്റെ ഗവൺമെന്റും തമ്മിൽ രാഷ്ട്രീയമായി നിരവധി അനൈക്യങ്ങളാണ് ഉള്ളത്. ഇനി ഇസ്രയേലിന്റെ ഭാഗത്ത് അതിർത്തി നിർണയിക്കുക എന്നത് പ്രധാന പ്രശ്നമാണ്. ഔദ്യോഗികമായി അതിർത്തി പ്രഖ്യാപിക്കാത്ത ഒരു രാഷ്ട്രമാണ് നിലവിൽ ഇസ്രയേൽ. വെസ്റ്റ് ബാങ്ക് മേഖലയിൽ നിരവധി പ്രദേശങ്ങളിലേക്കാണ് അനുദിനം ഇസ്രയേൽ ഭരണകൂടം പുതിയ ജൂത ജനവിഭാഗത്തെ അധിവസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തലസ്ഥാനത്തെ സംബന്ധിച്ചാണെങ്കിൽ ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുള്ളത് ജെറുസലേം ആണ് തങ്ങളുടെ തലസ്ഥാനം എന്നാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ഇത് അംഗീകരിച്ചുകഴിഞ്ഞു. ഇത് പാലസ്തീനെ സംബന്ധിച്ച് അംഗീകരിക്കാവുന്നതല്ല. നിരവധി ജൂത കുടിയേറ്റക്കാർ പാലസ്‌തീൻ വെസ്റ്റ് ബാങ്ക് മേഖലയിലുണ്ട്. ഇവരുടെ എണ്ണം അഞ്ചുലക്ഷം വരും. പുതിയ പാലസ്തീൻ രാഷ്ട്രം വരുമ്പോൾ ഇവരെ പുറത്താക്കാൻ ഇസ്രയേൽ ഒരുകാലത്തും സമ്മതിക്കുകയില്ല.

അവർ തിരികെ

വന്നാൽ?

പല കാലങ്ങളിൽ ഇസ്രയേലി ആക്രമണങ്ങളാൽ ഈ മേഖലയിൽ നിന്ന് പലായനം ചെയ്ത പാലസ്‌‌തീനിയൻ അഭയാർത്ഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നുണ്ട്. ഇവരുടെ എണ്ണം അൻപതു ലക്ഷത്തിനടുത്ത് വരും. ഇവർ പുതിയ രാഷ്ട്രത്തിലേക്ക് തിരിച്ചുവന്നാൽ? പുതിയ പാലസ്‌തീൻ രാഷ്ട്രത്തിന് സ്വന്തമായി സൈന്യവും ആയുധങ്ങളും ഉണ്ടായാൽ അത് ഇസ്രയേലിന്റെ സുരക്ഷയെ എങ്ങനെയാണ് ബാധിക്കുക തുടങ്ങിയ തടസങ്ങൾ നിരവധിയാണ്.

സമാധാനം

മരീചിക

രണ്ടാമത്തെ ഒരു മാതൃക,​ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ഫെഡറേഷൻ രൂപീകരിക്കുക എന്നതാണ്. ജൂതരും പാലസ്തീനികളും ഒരുമിച്ച് ഒരു രാഷ്ട്ര സംവിധാനത്തിന്റെ ഭാഗമാവുക- നെഹ്‌റുവിനെപ്പോലുള്ള ഇന്ത്യൻ നേതാക്കൾ നാല്‌പതുകളുടെ അന്ത്യത്തിൽ ഈ ആശയത്തെ പിന്തുണച്ചിരുന്നു. ഐലൻ പെപ്പെയെപ്പോലുള്ള ഇസ്രയേലി ചിന്തകരും ഈ ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ അറബ് ജൂത വംശീയ വിരോധം അതിന്റെ പരമോന്നതിയിൽ നിൽക്കുന്ന സമകാലിക അവസ്ഥയിൽ ഇതിന് യാതൊരു സാദ്ധ്യതയും കാണുന്നില്ല.

നിലവിൽ ഗാസയിൽ നടക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നോട്ടുവച്ച ഒരു നിർദ്ദേശം, ഗാസയിലെ ഭരണം വെസ്റ്റ് ബാങ്കിലെ പാലസ്‌തീനിയൻ അതോറിട്ടിയെ ഏല്പിക്കുക എന്നതാണ്. എന്നാൽ ഗാസയിലെ ജനങ്ങൾക്ക് അനഭിമതരാണ് ഈ ഭരണകർത്താക്കൾ. അഴിമതിയുടെയും നേതൃത്വമില്ലായ്മയുടെയും വക്‌‌താക്കളായ പാലസ്തീനിയൻ അതോറിട്ടിക്ക് ഗാസയിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ല.

ഇസ്രയേലി ഭരണകൂടത്തിന് പല വിഷയങ്ങളിലും കൂടെ നിൽക്കുന്ന മെഹമ്മൂദ് അബ്ബാസിന്റെ അവസ്ഥ നിലവിൽ വെസ്റ്റ് ബാങ്കിൽത്തന്നെ അപകടത്തിലാണ്. തീവ്ര നിലപാടുകാരായ ഹമാസിനെ സംബന്ധിച്ച് ഇസ്രയേൽ എന്ന രാഷ്ട്രത്തെത്തന്നെ അവർ അംഗീകരിക്കുന്നില്ല. ഇസ്രയേലിലെ ഭരണ പാർട്ടിയായ ലിക്വിഡിലെ ഒരു വലിയ വിഭാഗവും പാലസ്തീൻ രാഷ്ട്രം എന്ന ആശയം പൂർണമായും തള്ളിക്കളയുന്നവരാണ്. നിലവിലെ സാഹചര്യത്തിൽ പാലസ്തീൻ രാഷ്ട്രവും മേഖലയിലെ സമാധാനം എന്നതും ഒരു മരീചികയായിത്തന്നെ അവശേഷിക്കുന്നു.

ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കും? ഹമാസിനെ പൂർണമായും മേഖലയിൽ നിന്ന് തുടച്ചുനീക്കും വരെ എന്ന് ഇസ്രയേൽ ഭരണകൂടം പറയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. ഹമാസ് ഗാസയിലെ ഭരണവർഗം എന്നതിനപ്പുറത്തേക്ക് പാലസ്‌തീൻ ജനങ്ങളുടെ മനസ്സിലേക്ക് ഇന്ന് വലിയ തോതിൽ ഇറങ്ങിയിരിക്കുന്നു. ഇതിനു കാരണം വർഷങ്ങളായുള്ള ഇസ്രയേലി ഭരണകൂടങ്ങളുടെ നിലപാടുകളാണ്. പി.എൽ.ഒയിലെ മിതവാദികളെ തളർത്താൻ നെതന്യാഹു അടക്കമുള്ളവർ വളർത്തിയതാണ് ഹമാസിനെ. ഇന്ന് ഹമാസ് തിരിച്ചുകൊത്തിയിരിക്കുന്നു.

ഗാസയിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിക്കുമ്പോൾ 2005-ലെ ചരിത്രം ഓർക്കാതിരുന്നുകൂടാ. അന്ന് ഗത്യന്തരമില്ലാതെയാണ് ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ സേന പിന്മാറിയത്. ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. തെറ്റുകളിൽ നിന്ന് യാതൊരു പാഠവും പഠിക്കാതെ മനുഷ്യൻ നിണബലി തുടരുന്നു. തേനും പാലും ഒഴുകേണ്ട വാഗ്‌ദത്ത ഭൂമിയിൽ ചോര ദിനങ്ങൾ കലണ്ടറിലെ വെറും അക്ഷരങ്ങളായി അവശേഷിക്കുന്നു.

(കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് ലേഖകൻ)