
മലയിൻകീഴ് : വിളപ്പിൽശാല പണ്ടാരവിള പോങ്ങറത്തല പുത്തൻവീട്ടിൽ ആകാശ് (17) ഇന്നലെ രാവിലെ സ്കൂളിൽ പോകാനൊരുങ്ങവേ വാ തോരാതെ സംസാരമായിരുന്നു. അമ്മയോട് പലവട്ടം യാത്ര പറയുന്നു.അനുജത്തിയോട് സ്നേഹപ്രകടനം. ഒടുവിലറിയുന്നത് മകന്റെ മരണ വാർത്ത.വീട് സങ്കടക്കടലായി തീർന്നത് മണിക്കൂറുകൾക്കകമായിരുന്നു.
പ്ലസ് വണിന് പഠിക്കുന്ന ആകാശ് സ്കൂൾ ദിവസങ്ങളിൽ ഒന്നര കിലോമീറ്ററിലേറെ നടന്നാണ് വിളപ്പിൽശാല പ്രധാന റോഡിലെത്താറുള്ളത്.വീട്ടിൽ നിന്ന് ബസ് സമയം നോക്കി കൃത്യമായി പോയി-വരുമായിരുന്നു. ഇന്നലെ ആകാശ് പോകാറുള്ള ബസ് വരാൻ വൈകി.സ്കൂളിലെത്തുമ്പോൾ സമയം തെറ്റും. അദ്ധ്യാപരോട് കളളം പറയുന്ന സ്വഭാമില്ലാത്ത ആകാശ് സ്കൂളിൽ പോകാതെ അമ്മ പ്രീതയെ ഫോണിൽ വിളിച്ചറിയിച്ച ശേഷം നേരെ വീട്ടിലേക്ക് നടന്നു. എള്ളുവിള ഇറക്കം ഇറങ്ങി ചെറിയ പാലത്തിലൂടെ ശിവപുരം വഴിയാണ് വീട്ടിലെത്തുന്നത്. എന്നാൽ ഇന്നലെ 9 ന് പാലത്തിനരികിലെത്തിയ ആകാശിന് പാലം കടക്കാനായില്ല. മരണം അപസ്മാരത്തിന്റെ രൂപത്തിലെത്തി പാലത്തിൽ നിന്ന് തോട്ടിലേക്ക് വീഴുകയായിരുന്നു. അപസ്മാരമുണ്ടാകുന്നത് ആകാശിന് പതിവായിരുന്നു. ഏറെ നാളായി ഈ രോഗത്തിന് ചികിത്സയിലുമാണ്. പത്തടിയിലേറെ താഴ്ചയുള്ള പാലത്തിന് കീഴേ വലിയ തോട്ടിലേക്ക് പതിച്ച ആകാശ് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. സംഭവത്തിനു ശേഷം അതുവഴി പോയ വഴിയാത്രക്കാരിയാണ് കുട്ടി തോട്ടിൽ കിടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. അസുഖമുള്ളതിനാൽ മകന്റെ മടങ്ങിവരവ് കാത്തിരുന്ന മാതാവ് അറിയുന്നത് മരണവാർത്ത. ആശ്വാസ വാക്കുകൾക്കൊന്നും ഈ കുടുംബത്തെ സമാധാനിപ്പിക്കാനാകുന്നില്ല. അലമുറയിടുന്നത് നാട്ടുകാരുടെയും കരളലയിപ്പിക്കുന്ന കാഴ്ചയായി. ആകാശിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ സഹപാഠികളും വിതുമ്പുന്നുണ്ടായിരുന്നു.