f

സ്വാതന്ത്ര്യ‌ം നേടുന്നതിനു മുമ്പ് ഉന്നത വിദ്യാഭ്യാസം നേടിയ പിന്നാക്കക്കാർ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. ഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അവർക്ക് പഠനം നിഷേധിക്കപ്പെട്ടിരുന്നു. ഇനി, പ്രവേശനം ലഭിച്ചാൽത്തന്നെ സാമ്പത്തിക പരാധീനതയാൽ പലർക്കും പഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നുമില്ല. അടിസ്ഥാനപരമായി മികച്ച വിദ്യാഭ്യാസം ലഭിക്കുന്നവരാണ് മുകളിലേക്കു കയറിപ്പോകുന്നത്. പിന്നാക്ക, ദളിത്, പട്ടികവർഗ വിഭാഗങ്ങളിൽ ഉള്ളവർ ബുദ്ധിപരമായി ആർക്കും പിന്നിലല്ല. എന്നാൽ നൂറ്റാണ്ടുകളായി വിദ്യാഭ്യാസത്തിനുള്ള അവസരവും സാഹചര്യവും അവർക്ക് നിഷേധിക്കപ്പെട്ടിരുന്നു. കായികമായ അദ്ധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യാനായി മുന്നാക്ക വിഭാഗക്കാർ അവരെ തളച്ചിട്ടിരിക്കുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതിനായി ജാതിവിവേചനം എന്ന മനുഷ്യനിർമ്മിതമായ അവസ്ഥ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്‌തിരുന്നു.

സമൂഹത്തിന്റെ താഴ്‌ന്ന തട്ടിലുള്ളവർ പഠിച്ച് ഉന്നത നിലയിലെത്തിയാൽപ്പിന്നെ തങ്ങൾക്കുവേണ്ടി വെള്ളം കോരാനും വിറകു വെട്ടാനും ആരുണ്ടാകും എന്ന ചിന്തയും അവരെ അലട്ടിയിരുന്നു. എന്നാൽ ജനാധിപത്യ സർക്കാരുകൾ വന്നതോടെ കാര്യങ്ങൾ അപ്പാടെ മാറി. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി - പട്ടികവർഗത്തിൽപ്പെട്ടവർക്കും ഭരണഘടനാപരമായ സംവരണം പഠനത്തിനും ഉദ്യോഗത്തിനും ലഭിച്ചു. ഇത് കഴിഞ്ഞ ഏഴു ദശാബ്ദങ്ങൾക്കിടയിൽ വലിയ മുന്നേറ്റവും പുരോഗതിയുമാണ് ഈ വിഭാഗങ്ങൾക്ക് സമ്മാനിച്ചത്. ഇപ്പോൾ ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ പിൻതലമുറ വിദ്യാഭ്യാസത്തിലും കഴിവിലും ആർക്കും പിന്നിലല്ലെന്നു മാത്രമല്ല, പലപ്പോഴും മുന്നിലാണ് എന്നതാണ് വസ്തുത. അവർക്കു ലഭിക്കുന്ന സംവരണം ആരുടെയും ഔദാര്യമല്ല. നൂറ്റാണ്ടുകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിന് പകരമായി അവർക്കു ലഭിക്കുന്ന അവകാശമാണ്.

എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ മുന്നാക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിനും ഇനിയും കഴിഞ്ഞിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭരണകർത്താക്കളും ഫാക്കൽറ്റിയും ഈ വിവേചനം ഇപ്പോഴും പുലർത്തുന്നുണ്ട് എന്നതിനു തെളിവാണ്, കഴിഞ്ഞ ദിവസം പാർലമെന്റിൽ വിദ്യാഭ്യാസ സഹമന്ത്രി ‌ഡോ. സുഭാസ് സർക്കാർ പുറത്തുവിട്ട ചില സർക്കാർ കണക്കുകൾ. ഇതനുസരിച്ച്, കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടി, ഐ.ഐ.എം എന്നിവിടങ്ങളിൽ നിന്ന് പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നായി 13,500 വിദ്യാർത്ഥികൾ പഠനം പകുതിവഴിയിൽ ഉപേക്ഷിച്ചതായാണ് വ്യക്തമാകുന്നത്.

സംവരണത്തിലൂടെ ഇത്തരം സ്ഥാപനങ്ങളിൽ എത്തുന്നവർ പൊതുവെ രണ്ടാം പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. കടുത്ത ജാതിവിവേചനമാണ് ഈ വിഭാഗത്തിൽപ്പെട്ട കുട്ടികൾ നേരിടേണ്ടിവരുന്നത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല സ്റ്റൈപന്റ് തടയപ്പെട്ടതിനാൽ ആത്മഹത്യ ചെയ്ത സംഭവം ഇന്ത്യയൊട്ടാകെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. മുംബയ്, ഡൽഹി, മദ്രാസ് ഐ.ഐ.ടികളിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള ജാതിവിവേചനങ്ങളെത്തുടർന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പാതിവഴിയിൽ പഠനം അവസാനിപ്പിച്ചവരുടെ കണക്കുകൾ വന്നിരിക്കുന്നത്.

2014 - 2021 കാലത്ത് ഇത്തരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 122 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുകയുണ്ടായി. ഇതിൽ 41 പേർ പിന്നാക്ക വിഭാഗത്തിലുള്ളവരും 24 പേർ പട്ടികജാതിക്കാരും മൂന്നുപേർ പട്ടികവർഗക്കാരുമായിരുന്നു. പഠനം ഉപേക്ഷിച്ചതിൽ കൂടുതലും കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം ലഭിച്ചവരാണ്. ഒ.ബി.സിയിൽ നിന്നുള്ള 4,596 പേരും പട്ടികജാതിയിൽപ്പെട്ട 2,424 പേരും പട്ടികവർഗത്തിൽപ്പെട്ട 2,622 പേരും പഠനം ഉപേക്ഷിക്കുകയുണ്ടായി. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഗൗരവപൂർവമായ പഠനം നടത്തണം. കാമ്പസുകളിലെ ജാതീയമായ വിവേചനങ്ങൾ തടയാൻ ശക്തമായ സംവിധാനം ഒരുക്കുകയും വേണം.