
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അളക്കേണ്ടത് വിദ്യാർത്ഥികളുടെ വിജയശതമാനം വച്ചാകരുതെന്ന അഭിപ്രായം പണ്ടേയുള്ളതാണ്. സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയശതമാനം കഴിഞ്ഞ കുറേ വർഷങ്ങളായി പടിപടിയായി ഉയർന്ന് നൂറുശതമാനത്തോളം എത്തിനിൽക്കുകയാണ്. മാത്രമല്ല, വിജയികളിൽ എ പ്ലസ് നേടുന്നവരുടെ സംഖ്യയും റെക്കാഡുകൾ ഭേദിച്ചുകൊണ്ടിരിക്കുന്നു. അഭിമാനകരമെന്ന് സർക്കാർ കരുതുന്ന ഈ അത്യുജ്ജ്വല വിജയം വെറുതേ മാർക്ക് വാരിക്കോരി നൽകുന്നതിലൂടെ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണെന്ന ആക്ഷേപം അക്കാഡമിക് വിദഗ്ദ്ധർ മാത്രമല്ല, ചിന്താശേഷിയുള്ള എല്ലാവരും പങ്കുവയ്ക്കുന്നതാണ്.
ഈ പശ്ചാത്തലത്തിലാണ് അദ്ധ്യാപകരുടെ ഒരു ശില്പശാലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമാകുന്നത് അക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾ വരെ എ പ്ലസ് നേടി വിജയശ്രീലാളിതരാകുന്ന കാലമാണിതെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. പരീക്ഷകൾ യഥാർത്ഥ പരീക്ഷകളായെങ്കിൽ മാത്രമേ കുട്ടികൾക്ക് അതുകൊണ്ട് പ്രയോജനമുള്ളൂ. എയും എ പ്ലസുമൊക്കെ വെറുതേ നൽകുന്നത് കുട്ടികളെ ചതിക്കുന്നതിനു തുല്യമാണ്. പരീക്ഷകളിൽ ആരെയും തോല്പിക്കരുതെന്ന നിലപാട് പുതിയ സാഹചര്യത്തിൽ അംഗീകരിക്കാവുന്നതേയുള്ളൂ. അതേസമയം യാതൊരു അർഹതയുമില്ലാത്തവരെയും എ പ്ലസ്സൊക്കെ നൽകി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടത്തിവിടുന്നത് വലിയ ദ്രേഹം തന്നെയാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടർ തുറന്നടിച്ചത്.
അദ്ധ്യാപകർ മാത്രം പങ്കെടുത്ത ശില്പശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് ഡയറക്ടറുടെ പരാമർശങ്ങൾ വിവാദമായിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ തന്നെ സംസ്ഥാനത്തെ പരീക്ഷാ പ്രഹസനത്തെക്കുറിച്ച് തുറന്നടിച്ചു പറയുമ്പോൾ അതിലെ യാഥാർത്ഥ്യങ്ങൾ തീർച്ചയായും തിരിച്ചറിയേണ്ടതുണ്ട്. പത്താം ക്ലാസ് പരീക്ഷകളിലെ ഉന്നത വിജയം ചൂണ്ടിക്കാട്ടി പഠന നിലവാരം ഉയർന്നുവെന്ന് ഊറ്റംകൊള്ളുന്നവരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഡയറക്ടറുടെ വാക്കുകൾ. ഏതായാലും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഡയറക്ടറോട് വിശദീകരണം ആരാഞ്ഞു കഴിഞ്ഞു. ഡയറക്ടറുടെ അഭിപ്രായം സർക്കാരിന്റെ നിലപാടായി കാണരുതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളെ തോല്പിച്ചുകൊണ്ട് വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുകയെന്നത് സർക്കാർ നയമല്ലെന്നും അദ്ദേഹം പറയുന്നു.
വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളനുസരിച്ച് കുട്ടികളുടെ കഴിവും നിലവാരവും അളക്കുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങളുണ്ട്. നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ള രീതികൾ ഇതിന്റെ ഭാഗമാണ്. പരീക്ഷകൾ കഠിനസ്വഭാവമുള്ളതാക്കി കുട്ടികളെ പരീക്ഷിക്കുന്ന സമ്പ്രദായത്തോട് ഇന്ന് ആർക്കും യോജിപ്പില്ല. അതേസമയം, പരീക്ഷകൾ കുട്ടികളുടെ പഠനനിലവാരം അളക്കാൻ പര്യാപ്തമാവുകയും വേണം. വെറുതേ മാർക്ക് നൽകി, പരീക്ഷയെഴുതുന്ന മുഴുവൻ കുട്ടികളെയും പാസ്സാക്കി വിടുന്ന രീതി വലിയ ദോഷം വരുത്തുമെന്ന വിദഗ്ദ്ധരുടെ അഭിപ്രായം തള്ളിക്കളയേണ്ടതല്ല.
പഠന നിലവാരം ഉറപ്പാക്കുന്ന ഗ്രേഡിംഗ് രീതി ഉൾപ്പെടെയുള്ള കാര്യങ്ങൾ സത്യസന്ധമായി നടന്നാൽ ആരുംതന്നെ തോൽവിയടയുകയില്ല. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുന്നിലെത്തിക്കാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. അദ്ധ്യാപക സമൂഹത്തിന്റെ കൈകളിലാണ് അതിരിക്കുന്നത്. ഇതോടൊപ്പം മാർക്ക് ദാനത്തിലൂടെ ഓരോ വർഷവും ഉന്നത വിജയികളുടെ സംഖ്യ പെരുപ്പിച്ചു കാണിക്കാനുള്ള പ്രവണത നിരുത്സാഹപ്പെടുത്തുക തന്നെ വേണം.