
തിരുവനന്തപുരം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനറായിരിക്കെ എൻ.ഭാസുരാംഗൻ ജോലി നൽകിയ സി.പി.ഐ നേതാക്കളുടെ ബന്ധുക്കളുടെ കരാർ പുതുക്കിയില്ല. സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധു
അടക്കം മൂന്ന് പേരാണ് ഇതോടെ ജോലിയിൽ നിന്നും പുറത്തായത്.
അഡ്മിനിസ്ട്രേറ്റിവ് ഭരണം നടക്കുന്നതിനാൽ സ്ഥിര നിയമനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു ജോലി .ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനും സംസ്ഥാന കൗൺസിൽ അംഗത്തിന്റെ ബന്ധുവിനും ജോലി നൽകിയതിനാൽ ഭാസുരംഗനെതിരെയുള്ള പരാതികളിലും അഴിമതി ആരോപണങ്ങളിലും ജില്ലാകമ്മിറ്റി ശക്തമായ നടപടി എടുക്കുന്നില്ലെന്ന് പാർട്ടിക്കുള്ളിൽ വലിയൊരു വിഭാഗം വിമർശനം ഉന്നയിച്ചിരുന്നു. തുടർന്നാണ് കരാർ പുതുക്കാത്തത്.
കരാർ കാലാവധി കഴിഞ്ഞതിനാലാണ് ജോലി തുടരാൻ കഴിയാത്തതെന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ, ഭാസുരാംഗൻ ജോലി നൽകിയ മറ്റു പലരും ഇപ്പോഴും ജോലിയിൽ തുടരുകയാണ്.