ആറ്റിങ്ങൽ: ഇനിയും കലാപത്തിന്റെ ജ്വാലകൾ കെട്ടുതുടങ്ങിയിട്ടില്ലാത്ത മണിപ്പൂരിലെ പെൺജീവിതങ്ങളെ അടയാളപ്പെടുത്തി കഥയായി അവതരിപ്പിച്ച തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഋതുപർണ.പി.എസിന് കഥയെഴുത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. വൈറൽ എന്നതായിരുന്നു വിഷയം. സമകാലിക ഇന്ത്യൻ അവസ്ഥയിൽ ഏറ്റവും ചർച്ച ചെയ്ത മണിപ്പൂർ വിഷയത്തെ സമർത്ഥമായി ഈ കൊച്ചു കഥാകാരി വരികളിലൂടെ കോറിയിട്ടു.'അൻസിര നടന്ന പാതകൾ' എന്ന് കഥയ്ക്കു പേരുമിട്ടു. അൻസിര എന്ന സാങ്കല്പിക കഥാപാത്രത്തിലൂടെ മണിപ്പൂരിലെ പെൺകുട്ടികളുടെ തീരാനൊമ്പരമാണ് അക്ഷരങ്ങളിലൂടെ ഋതുപർണ പറഞ്ഞത്.

കവിതാരചനയിലും ഋതുപർണയ്ക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞവർഷം കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കവിതാരചനയിൽ ഋതുപർണ എ ഗ്രേഡ് നേടിയിരുന്നു. കവിതയെഴുത്തിലും കാവ്യാലാപനത്തിലും നിരവധി സമ്മാനം നേടിയിട്ടുള്ള ഋതുപർണ ഹയർസെക്കൻഡറി വിഭാഗം മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. നിരവധി കവിതകൾ പ്രസിദ്ധീകരിച്ച ഈ കുട്ടി എഴുത്തുകാരി തൃശൂർ വലപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും കവിയുമായ സന്തോഷ്‌ തോന്നയ്ക്കലിന്റെയും പ്രിയയുടെയും മകളാണ്.

ബാൻഡിൽ ക‌ാ‌ർമ്മൽ മാത്രം

ആറ്റിങ്ങൽ : ചുട്ടുപൊള്ളുന്ന വെയിലാണെങ്കിലും ആവേശത്തോടെ കുട്ടികൾ അണിനിരന്ന ബാൻഡ്മേള മത്സരം കാണാൻ കാണികൾക്കും കൗതുകം. ഒടുവിൽ ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മികച്ച പ്രകടനത്തോടെ തിരുവനന്തപുരം കാർമ്മൽ സ്‌കൂൾ ജേതാക്കളായി. അതിവേഗ ചലനങ്ങളിലും ചടുലതയാേടെ മുന്നേറിയ കാർമ്മലിലെ കുട്ടികൾ ഡ്രം സോളാേയിലും ഇൻസ്റ്റന്റ് അപ്പിയറൻസിലും ഇരുപത് മിനിറ്റിനുള്ളിൽ ദേശീയ ഗാനം പാടി സല്യൂട്ട് നൽകി നിറുത്തുമ്പോൾ നിറുത്താതെയുള്ള കരഘോഷം ഗ്രൗണ്ടിൽ മുഴങ്ങി.

ഭരതനാട്യത്തിൽ സഹോദരിമാ‌ർ

ഭരതനാട്യം ഹൈസ്കൂൾ വിഭാഗത്തിൽ ഗൗരി നന്ദ ഒന്നാമതെത്തി. ഗൗരി നന്ദയെ കണ്ട് നൃത്തം പഠിച്ച അനുജത്തി ശ്രീനന്ദയ്ക്ക് യു.പി വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം.മക്കളുടെ നേട്ടത്തിൽ പാറശാല കരമാനൂർ നന്ദനത്തിൽ അച്ഛൻ ഗോപാലകൃഷ്ണ നായരും അമ്മ മഞ്ജുവും ഡബിൾ ഹാപ്പി. പാറശാല ഗവ.എച്ച്. എസ്.എസ് പാറശാലയിലെ പത്താം ക്ലാസിലെയും ഏഴാം ക്ലാസിലെയും വിദ്യാ‌ർത്ഥിനികളാണ് ഭരതനാട്യത്തിൽ മികവ് തെളിയിച്ചത്. ഗൗരി നന്ദ കുച്ചുപ്പുടി, മോഹിനിയാട്ടം, സംഘഗാനം, ദേശഭക്തിഗാനം എന്നിവയിലും മത്സരിക്കുന്നുണ്ട്.