k

ഫെബ്രുവരിയിൽ ചിത്രീകരണം

സംവിധായകൻ വിനയന്റെ മകനും അഭിനേതാവുമായ വിഷ്ണു വിനയ് സംവിധായകനാവുന്നു. അർജുൻ അശോകൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന താരം. ഉർവശിയും പ്രധാന വേഷത്തിൽ എത്താൻ സാദ്ധ്യതയുണ്ട്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയാണ് രചന. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.

ആൻ മെഗാ മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.

അതേസമയം, ഹിസ്റ്ററി ഒഫ് ജോയ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് അഭിനേതാവാകുന്നത്. വിനയൻ സംവിധാനം ചെയ്ത കല്യാണ സൗഗന്ധികം, അനുരാഗകൊട്ടാരം എന്നീ ചിത്രങ്ങളിൽ ദിലീപിന്റെ ചെറുപ്പകാലം അവതരിപ്പിച്ചിട്ടുണ്ട്. വിനയൻ സംവിധാനം ആകാശ ഗംഗ 2ലും അഭിനയിച്ചു. വിനയന്റെ തന്നെ പത്തൊമ്പതാം നൂറ്റാണ്ടിൽ കണ്ണൻ കുറുപ്പ് എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചിരുന്നു.

അതേസമയം, പത്തൊമ്പതാം നൂറ്റാണ്ടിനുശേഷം വിനയൻ സംവിധാനം ചെയ്യുന്ന സിജു വിത്സൻ, സണ്ണി വയ്ൻ ചിത്രത്തിന്റെ ചിത്രീകരണവും ഫെബ്രുവരിയിൽ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് അൻപറിവ് സംഘട്ടനസംവിധാനം ഒരുക്കുന്നു. അബാം മുവീസിന്റെ ബാനറിൽ എബ്രഹാം മാത്യു ആണ് നിർമ്മാണം.