തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ മാത്രമുള്ള ബി.ജെ.പിയുടെ ദേശീയത അപകടമെന്ന് ഡോ.ശശി തരൂർ എം.പി. കെ.പി.സി.സി സംഘടിപ്പിച്ച ചരിത്രകോൺഗ്രസിൽ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും സമകാലിക പ്രതിസന്ധിയും എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സത്യമേവ ജയതെ' എന്ന ആപ്തവാക്യത്തെ മോദി ഭരണകൂടം അധികാരമേവ ജയതേ എന്ന് മാറ്റി. രാജ്യത്ത് തൊഴിലില്ലായ്മയും ദുരിതവും പെരുകുമ്പോഴും ഇന്ത്യ തിളങ്ങുന്നു എന്നാണ് അവർ പറയുന്നത്. മേക്ക് ഇൻ ഇന്ത്യ, ഷൈനിംഗ് ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിങ്ങനെ ഇന്ത്യയെ കുറെ പരസ്യവാചകങ്ങളുടെ തടവറയിൽ തളച്ചതൊഴിച്ചാൽ ഇന്ത്യയുടെ നിർമ്മിതിക്കു വേണ്ടി ഒരു സംഭാവനയും ബി.ജെ.പിയുടേതായില്ല. അടുക്കളയിലും തീൻമേശകളിലും വരെ വെറുപ്പിന്റെ രാഷ്ട്രീയം വ്യാപിപ്പിക്കുക മാത്രമാണ് അവരുടെ സംഭാവനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാൽ മനുസ്മൃതിയുടെ അടിസ്ഥാനത്തിലുള്ള ഭരണഘടന നിർമ്മിക്കുമെന്ന്‌ ഡൽഹി സർവകലാശാല മുൻ ഡീൻ ഒഫ് എഡ്യൂക്കേഷൻ ഡോ.അനിൽ സദ്ഗോപാൽ മുന്നറിയിപ്പ് നൽകി. സ്ത്രീ വിദ്യാഭ്യാസത്തെ എതിർക്കുന്ന മനുസ്മൃതിയുടെ സ്വാധീനംമൂലം രാജ്യത്തെ ആദ്യത്തെ അദ്ധ്യാപികയായ സാവിത്രിഭായി ഫുലെയെ വീട്ടിൽനിന്നു പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.