തിരുവനന്തപുരം: അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ (വാർഡ് 9) വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 12ന് വാർഡിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇൻ ചാർജ് അനിൽ ജോസ്.ജെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 11, 12 തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 13നും പ്രാദേശിക അവധിയായിരിക്കും. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മണമ്പൂർ,ചെറിയകൊണ്ണി, അരുവിക്കര വാർഡുകളിൽ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണമ്പൂർ വാർഡിലും പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന ചെറിയകൊണ്ണി (വാർഡ് 11) വാർഡിലും വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും, വോട്ടെണ്ണൽ കേന്ദ്രം സ്ഥിതിചെയ്യുന്ന അരുവിക്കര (വാർഡ് 6) വാർഡിൽ വോട്ടെണ്ണൽ ദിനമായ 13നും സമ്പൂർണ മദ്യ നിരോധനമായിരിക്കും. 12ന് രാവിലെ 7മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 13ന് രാവിലെ 10മുതലാണ് വോട്ടെണ്ണൽ.