
നെടുമങ്ങാട് : അരുവിക്കര ഡാം റോഡിൽ നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് സ്ഥലവാസികളും ബന്ധുക്കളുമായ രണ്ടു യുവാക്കൾ മരിച്ചു. ഇടമൺമുകൾ മരുതുംകുഴി ബഥേൽ ഹൗസിൽ ജോയ്- ബീന ദമ്പതികളുടെ മകൻ നിധിൻ ജോയ് (21), സിയോൺ ഹൗസിൽ ബിജോയ്-ഷീജ ദമ്പതികളുടെ മകൻ ഷിബിൻ ബി.എസ് (18) എന്നിവരാണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഡാം റോഡിൽ പഴയ പൊലീസ് സ്റ്റേഷനു സമീപം വാട്ടർ അതോറിട്ടി മീറ്റർ ഗാരേജ് ഓഫീസിനു മുന്നിലാണ് അപകടം.
ഡാം ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക്, വെള്ളനാട്ടുനിന്ന് അരുവിക്കര വഴി കിഴക്കേകോട്ടയിലേക്ക് പുറപ്പെട്ട സിറ്റി ഫാസ്റ്റിലാണ് ഇടിച്ചത്. ജോയിയുടെ ബൈക്ക് നിധിനാണ് ഓടിച്ചിരുന്നത്. ഷിബിൻ പിൻസീറ്റ് യാത്രക്കാരനായിരുന്നു.കൂട്ടിയിടി ഒഴിവാക്കാൻ ബസ് റോഡിന്റെ ഇടത് സൈഡിലേക്ക് ഡ്രൈവർ വെട്ടിയൊഴിച്ചെങ്കിലും, ബൈക്ക് ബസിന്റെ പിറകുവശത്തെ ടയറിൽ ഇടിച്ച് യുവാക്കൾ റോഡിൽ തലയിടിച്ചു വീഴുകയായിരുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. പൊലീസും നാട്ടുകാരും ചേർന്ന് ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.അപകടം ഒഴിവാക്കാനുള്ള ശ്രമത്തിനിടെ റോഡ് സൈഡിലെ മരത്തിലുരസി ബസിന്റെ മുൻവശത്തെ ചില്ലുകൾ പൂർണമായി തകർന്നു.അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ പ്ലസ് ടു വിദ്യാർത്ഥികളും ബന്ധുക്കളുമാണ് മരിച്ച യുവാക്കൾ. കെട്ടിട നിർമ്മാണ തൊഴിൽ ചെയ്തുവരികയാണ്. രണ്ടുപേരുടെയും വീടുകൾ തമ്മിൽ അമ്പത് മീറ്റർ അകലമേയുള്ളൂ. പഞ്ചായത്ത് കൊടുത്ത വീട്ടിലാണ് നിധിന്റെ കുടുംബം താമസിക്കുന്നത്. ഏക സഹോദരി ലിസി. ഷിബിന്റെ അച്ഛൻ ബിജോയ് സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയും പേരൂർക്കടയിലെ മാർബിൾ ഷോപ്പ് തൊഴിലാളിയുമാണ്. ഏക സഹോദരൻ : ഷിജിൻ .ബി.എസ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം അരുവിക്കരയിൽ അവരവരുടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അരുവിക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.