aravind

തിരുവനന്തപുരം: കോട്ടയം ജനറൽ ആശുപത്രിയിൽ എം.പി ക്വാട്ടയിൽ റിസപ്ഷനിസ്റ്റാക്കാമെന്ന് പറഞ്ഞ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കൽ അഞ്ചു പേരിൽ നിന്നായി വാങ്ങിയത് 3.5 ലക്ഷം രൂപ. പറ്റിക്കപ്പെട്ടവരെല്ലാം പത്തനംതിട്ട സ്വദേശികളാണെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു.

ഒരാളിൽ നിന്ന് 1.5 ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് 50,​000 രൂപ വീതവുമാണ് കബളിപ്പിച്ചത്. ഇവർക്കെല്ലാം വ്യാജ നിയമന ഉത്തരവ് നൽകി. തട്ടിപ്പ് നടന്നത് പത്തനംതിട്ടയിലായതിനാൽ കബളിക്കപ്പെട്ടവർ വരും ദിവസങ്ങളിൽ അതത് സ്റ്റേഷനുകളിൽ പരാതി നൽകും. മാനക്കേട് ഭയന്ന് പരാതിയുമായി മുന്നോട്ടുവരാത്തവരുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ സെക്ഷൻ ഓഫീസറുടെ സീലും ലെറ്റർ പാഡും വ്യാജമായി ഉണ്ടാക്കിയാണ് അരവിന്ദ് നിയമന ഉത്തരവ് നിർമ്മിച്ചതെന്ന് കന്റോൺമെന്റ് സി.ഐ ബി.എം.ഷാഫി പറഞ്ഞു. അറസ്റ്റിലായ അരവിന്ദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അതിനിടെ,​ അരവിന്ദ് വെട്ടിക്കലിനെ യൂത്ത്‌ കോൺഗ്രസിൽ നിന്ന് ഇന്നലെ സസ്‌പെൻഡ് ചെയ്തു.

 ജോലിക്കെത്തിയപ്പോൾ തസ്തിക വ്യാജം

കരുനാഗപ്പള്ളി സ്വദേശിനിയിൽ നിന്ന് 50,​000 രൂപ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവ് നൽകുകയായിരുന്നു. 2023 ജനുവരി 17ന് ജോലിക്ക് ഹാജരാകണമെന്ന് കാണിച്ച് കത്തും കൈമാറി. തുടർന്ന് ജോലിക്കെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് യുവതി അറിഞ്ഞത്. ജനറൽ ആശുപത്രിയിൽ റിസപ്ഷനിസ്റ്റിന്റെ തസ്തികയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതി പരാതി നൽകിയിരുന്നില്ല. അരവിന്ദ് കൈമാറിയ നിയമനക്കത്ത് പുറത്തായതോടെയാണ് യുവതി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് പരാതി നൽകിയത്. തുടർന്ന് ‌ഡയറക്ടർ പൊലീസിനെ സമീപിക്കുകയായിരുന്നു. മൊഴി നൽകാൻ ഇന്ന് രാവിലെ 10ന് പരാതിക്കാരോട് കന്റോൺമെന്റ് സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിച്ചു.