തിരുവനന്തപുരം: ഗവർണർ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കുന്നുവെന്നാരോപിച്ച്

എസ്.എഫ്.ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബിഷപ്പ് ഹൗസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് നേതാക്കളും പ്രവർത്തകരും ചാടിക്കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ രാജ്ഭവൻ ഗേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. പൊലീസും പ്രവർത്തകരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഉച്ചയ്ക്ക് 2ഓടെ ഗവർണറുടെ വാഹനമെത്തിയതോടെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഗവർണറെ രാജ്ഭവനിലേക്ക് എത്തിക്കാൻ പൊലീസ് ബുദ്ധിമുട്ടി. കുത്തിയിരുന്നുള്ള പ്രതിഷേധം തുടർന്നതോടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, പ്രസിഡന്റ്‌ കെ.അനുശ്രീ ഉൾപ്പെടെയുള്ള നേതാക്കളെയും പ്രവർത്തകരെയും പൊലീസ്‌ അറസ്റ്റു ചെയ്‌തുനീക്കി.

യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ആരംഭിച്ച പ്രകടനം ശക്തമായ സുരക്ഷാസംവിധാനങ്ങൾ മറികടന്നാണ്‌ രാജ്‌ഭവന്റെ ഗേറ്റിന് മുന്നിൽ വരെയെത്തിയത്‌. സാധാരണ നടക്കുന്ന രാജ്ഭവൻ മാർച്ചിലെന്ന പോലെ എസ്.എഫ്.ഐയെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്. കേരള, കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക്‌ ആർ.എസ്.എസ്-എ.ബി.വി.പി നേതൃത്വത്തെ അനധികൃതമായി ഗവർണർ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്നലെ പഠിപ്പുമുടക്കി.

സംഘപരിവാർ അജൻഡ

ആർ.എസ്‌.എസ്‌ നോമിനിയായി ആരിഫ്‌ മുഹമ്മദ്ഖാൻ കേരളത്തിന്റെ ഗവർണറായതു മുതൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് പി.എം.ആർഷോ പറഞ്ഞു. സമരത്തിന്റെ തുടർച്ചയായി ഇന്ന് ഉന്നതവിദ്യാഭ്യാസ സംരക്ഷണ ദിനം ആചരിക്കും. കേരള, കലിക്കറ്റ്‌ സർവകലാശാലകളിൽ രാപ്പകൽ സമരവും സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികളും നടത്തുമെന്നും ആർഷോ കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മിറ്റിഅംഗങ്ങളായ കെ.വി. അനുരാഗ്‌, ജി.ടി.അഞ്ജുകൃഷ്‌ണ, ഇ.അഫ്‌സൽ, എ.എ.അക്ഷയ്‌, സെറീന സലാം, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്‌.കെ.ആദർശ്‌, ജില്ലാ പ്രസിഡന്റ്‌ എം.നന്ദൻ എന്നിവർ ഉൾപ്പെടെ 15 പേരെ അറസ്റ്റുചെയ്തു. കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്തു.